തൊടുപുഴ: വേനൽ കനത്തതോടെ തീറ്റയുടെ ലഭ്യത കുറവും പാലിന്റെ ഉത്പാദനക്കുറവും കാരണം ക്ഷീര കർഷകർ കടുത്ത പ്രതിസന്ധിയിൽ. രാവിലെയും വൈകിട്ടും ലഭിച്ചിരുന്ന പാലിന്റെ അളവിൽ ഗണ്യമായ കുറവ് സംഭവിച്ചിട്ടുള്ളതായി കർഷകർ പറയുന്നു. തീറ്റപ്പുല്ലുകൾ കരിഞ്ഞുണങ്ങിയതോടെ വൈക്കോലും കാലിത്തീറ്റയും മാത്രമാണ് പല കർഷകരും കന്നുകാലികൾക്ക് നൽകിപോരുന്നത്. അയൽ ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമൊക്കെയായി വൈക്കോൽ ഇടുക്കിയിലെത്തണമെങ്കിൽ കിലോ ഒന്നിന് 15 രൂപ നൽകണം. ഏറി വരുന്ന ഉത്പാദനച്ചെലവ് ക്ഷീരമേഖലയ്ക്ക് തിരിച്ചടിയാകുന്നതായും കർഷകർ പറയുന്നു.
കാലിത്തീറ്റയ്ക്ക് മിൽമയും കേരള ഫീഡ്‌സും വില കൂട്ടിയതോടെ സ്വകാര്യ കമ്പനികളും ഈ വഴിക്ക് നീങ്ങി. ഇതോടെ ക്ഷീരകർഷകരുടെ കാര്യം കടുത്ത ദുരിതത്തിലായി. കാലിത്തീറ്റയ്ക്ക് തോന്നുംപടി വില കൂട്ടുന്നതാണ് കർഷകർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. അസംസ്‌കൃത വസ്തുക്കളുടെ വില വർദ്ധയാണ് ഇതിനുകാരണമായി മിൽമയും കേരളഫീൽഡും പറയുന്ന ന്യായം. മിൽമയും ക്ഷീരവികസന വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സബ്‌സിഡി നൽകുന്നുമില്ല. വിലക്കയറ്റം തടയാൻ സർക്കാർ ഇടപെടാത്തത് സ്വകാര്യ കമ്പനികളെ സഹായിക്കാനാണ് എന്നാണ് കർഷകർ ആരോപിക്കുന്നത്.
വരണ്ടുണങ്ങി തീറ്റപ്പുല്ലും കിട്ടാനില്ല
വേനലായതോടെ തീറ്റപ്പുൽക്ഷാമം രൂക്ഷമായി. തമിഴ്‌നാട്ടിൽ നിന്ന് കൊണ്ടു വരുന്ന വൈക്കോലാണ് ക്ഷീരകർഷകർക്ക് ആശ്രയം. എന്നാൽ അവസരം മുതലെടുത്ത് തമിഴ്‌നാട്ടിൽ നിന്നുള്ള കച്ചവടക്കാരും വൈക്കോലിന് വില വർദ്ധിപ്പിച്ചു. തമിഴ്‌നാട്ടിലെ രണ്ടു കിലോ കച്ചിക്കെട്ടിന് 30 രൂപ കൊടുക്കണം. 30 കിലോ കെട്ടിന് 350മുതൽ 400രൂപ വരെയാണ് വില. 10 ലിറ്റർ പാൽ ലഭിക്കുന്ന ഒരു പശുവിന് വൈക്കോലിനും പുല്ലിനും പുറമേ ദിവസം 10 കിലോ കാലിത്തീറ്റയും നൽകണം. വെറ്ററിനറി മരുന്നുകളുടെ വില വർദ്ധിച്ചതും കർഷകർക്ക് തിരിച്ചടിയാണ്.
15,000 ക്ഷീരകർഷകർ
ജില്ലയിൽ പതിനയ്യായിരത്തോളം ക്ഷീരകർഷകർ പ്രതിദിനം 1,86,000ത്തോളം ലിറ്റർ പാൽ സംഘങ്ങളിൽ നൽകുന്നുണ്ട്. ജില്ലയിൽ 191 ക്ഷീരസഹകരണസംഘങ്ങളുണ്ട്. 21% പാൽ പ്രാദേശികമായും 79% പാലും നഗരങ്ങളിലും മറ്റും വിപണനം ചെയ്യും. കൊവിഡ് കാലത്തും പ്രളയദുരിത കാലത്തും ഒരു ദിവസംപോലും പാൽ സംഭരണം മുടക്കിയിട്ടില്ല.
'വേനൽ കാലത്ത് കാലിത്തീറ്റയും തീറ്റപ്പുല്ലും സബ്സിഡി നിരക്കിൽ നൽകാൻ സർക്കാർ മുൻകൈയെടുക്കണം. വർഷം മുഴുവൻ പാൽ അളക്കുന്ന കർഷകർക്ക് വേനൽകാലത്ത് ധനസഹായം വേണം"
-ടി.എൻ. സജീവൻ (ക്ഷീരകർഷകൻ)