തൊടുപുഴ: വിനോദവും വിജ്ഞാനവും സമന്വയിപ്പിച്ച് ആകർഷകമായ പവിലിയനുകളൊരുക്കി നാല് ദിവസം നീണ്ടു നിൽക്കുന്ന ന്യൂമാനീയം എക്‌സിബിഷന് തുടക്കമായി. ന്യൂമാൻ കോളേജിന്റെ വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് എക്‌സിബിഷൻ സംഘടിപ്പിച്ചിട്ടുള്ളത്. കോളേജിലെ എല്ലാ പഠനവിഭാഗങ്ങളും എൻ.സി.സി, എൻ.എസ്.എസ് തുടങ്ങിയ സംഘടനകളും ചേർന്നൊരുക്കുന്ന പ്രദർശനത്തിൽ ഐ.എസ്.ആർ.ഒ, ബി.എസ്.എൻ.എൽ, കൊയർ ഫെഡറേഷൻ, കേരള ഫയർ ഫോഴ്‌സ്, പൊലീസ് എന്നിവരും പവലിയനുകൾ ഒരുക്കിയിട്ടുണ്ട്. പഞ്ചാബി ഹൗസിലെ രമണനും മിന്നൽ മുരളിയുമൊക്കെ കൺമുന്നിൽ വന്നു നിൽക്കുന്ന കെമിക്കൽ മാജിക്കുമായാണ് രസതന്ത്ര വിഭാഗം ശ്രദ്ധയാകർഷിക്കുന്നത്. ഒപ്പം അഗ്നിപർവതവും മഞ്ഞുമലകളും യാഥാർത്ഥ്യമെന്നോണം ഒരുക്കിയിരിക്കുന്നു. പ്ലാനറ്റോറിയത്തിലൂടെ ഒരു സഞ്ചാരമാണ് ഫിസിക്‌സ് വിഭാഗത്തിന്റെ ആകർഷണം. ഒപ്പം ഐ.എസ്.ആർ.ഒ. ഒരുക്കിയിട്ടുള്ള ചന്ദ്രയാനും ശൂന്യാകാശാനുഭവവും കണ്ണഞ്ചിപ്പിക്കുന്നതാണ്. ജീവനുള്ള ഷേക്‌സ്പിയർ കഥാപാത്രങ്ങളുമായാണ് ഇംഗ്ലീഷ് വിഭാഗം പ്രദർശനത്തിനൊരുങ്ങിയിട്ടുള്ളത്. ഒരു ഹൊറർ ചിത്രം കാണുന്ന പ്രതീതിയാണ് ഇവിടെ എത്തിയാൽ ലഭിക്കുക. പൗരാണിക സംസ്‌കാരത്തിന്റെ അടയാളങ്ങളായ പണിയായുധങ്ങളും അപൂർവ നാണയങ്ങളും താളിയോലകളും പാത്രങ്ങളും സ്വാതന്ത്ര്യ സമരകാലവുമൊക്കെയാണ് ചരിത്രവിഭാഗത്തിന്റെ സ്റ്റാളുകളിൽ. എല്ലാ ദിവസവും വൈകിട്ട് കലാപാരിപാടികളുമായി ഒരു ഉത്സവാന്തരീക്ഷമൊരുക്കിയിരിക്കുകയാണ് വിദ്യാർത്ഥികൾ. എക്‌സിബിഷൻ ഡി.ആർ.ഡി.ഒ ഡയറക്ടർ ജനറൽ ഡോ. ടെസി തോമസ് ഉദ്ഘാടനം ചെയ്തു. കുട്ടികൾ ശാസ്ത്രബോധത്തോടെ വളരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അവർ പറഞ്ഞു. കോളേജ് മാനേജർ ഫാ. ഡോ. പയസ് മലേക്കണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. പ്രിസിപ്പൽ ഡോ. ബിജി മോൾ തോമസ്, ജൂബിലി കൺവീനർ ബിജു പീറ്റർ, ഫാ. എൽദോ തോമസ് എന്നിവർ പ്രസംഗിച്ചു.