padayappa

മൂന്നാർ: മാട്ടുപ്പെട്ടി ഡാമിന് സമീപത്തെ എക്കോ പോയിന്റിലെത്തി കടകൾ തകർത്ത് പടയപ്പയുടെ പരാക്രമം. തിങ്കളാഴ്ച മാത്രം രണ്ട് തവണയാണ് പടയപ്പ എന്ന കാട്ടാന ഇവിടെ എത്തിയത്. പ്രദേശത്തെ നാല് കടകൾ തകർത്ത് ആഹാരസാധനങ്ങൾ ഭക്ഷിച്ച ശേഷം ഏറെ നേരം ഗതാഗതവും തടസപ്പെടുത്തി. രാവിലെ എട്ട് മണിയോടെയായിരുന്നു ആദ്യം എത്തിയത്. ഇവിടുണ്ടായിരുന്ന രണ്ട് വഴിയോര കടകൾ തകർത്ത് പൈനാപ്പിളടക്കം ഭക്ഷിച്ചു. ആനയെത്തിയ സമയം റോഡിൽ കാര്യമായി വാഹനങ്ങളോ ആളുകളോ ഉണ്ടായിരുന്നില്ല. ഈ മേഖലയിൽ ധാരാളം വഴിയോര വിൽപ്പന ശാലകളുമുണ്ട്. നാട്ടുകാരും വനംവകുപ്പും ചേർന്ന് ആനയെ ഇവിടെ നിന്ന് തുരത്തിയെങ്കിലും വൈകിട്ട് വീണ്ടും തിരിച്ചെത്തുകയായിരുന്നു. വിരട്ടാൻ ശ്രമിച്ചപ്പോൾ പ്രകോപിതനായി. ഒന്നര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കരിമ്പും പൈനാപ്പിളും കരിക്കും വിൽക്കുന്ന കടകളെയാണ് പ്രധാനമായും ലക്ഷ്യമിട്ടിത്. സമീപത്ത് പൈനാപ്പിൾ സൂഷിച്ചിരുന്ന കോൺക്രീറ്റ് കെട്ടിടത്തിന്റെ ഷട്ടർ തകർത്ത് ആന അകത്ത് കയറി. പൈനാപ്പിൾ ചാക്ക് വലിച്ച് പുറത്തിട്ട് കഴിക്കുന്നതിനിടെ നാട്ടുകാർ വിരട്ടാൻ ശ്രമിച്ചു. ഇവർക്ക് നേരെ പടയപ്പ പാഞ്ഞടുത്തു. മൂന്നാർ ടോപ്പ് സ്റ്റേഷൻ റോഡിന്റെ മദ്ധ്യത്തിൽ പടയപ്പ നിലയുറപ്പിച്ചതോടെ ഒന്നര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. സന്ധ്യമയങ്ങിയ ശേഷമാണ് പടയപ്പ ഇവിടെ നിന്ന് മടങ്ങിയത്. കഴിഞ്ഞ ദിവസം മൂന്നാർ പെരിയവാര പുതുക്കാട് ഡിവിഷനിൽ പടയപ്പയെത്തി കൃഷിനാശം വരുത്തിയിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി മൂന്നാറുകാരുടെ പ്രിയപ്പെട്ട ആന അക്രമാസ്‌കതനാകുന്നുണ്ട്. ജനവാസ മേഖലയിൽ തന്നെ ആന തുടരുന്നതും ആശങ്ക പരത്തുകയാണ്.