തൊടുപുഴ: മണ്ണ്, മണൽ മാഫിയയുമായുള്ള അവിഹിത ബന്ധത്തെ തുടർന്ന് കഞ്ഞിക്കുഴി എസ്‌.ഐയ്ക്ക് പിരിച്ചുവിടാതിരിക്കാനുള്ള കാരണം കാണിക്കൽ തേടി നോട്ടീസ്. കഞ്ഞിക്കുഴി സബ് ഇൻസ്‌പെക്ടർ കെ.എ. അബിയോട് എറണാകുളം റേഞ്ച് ഐ.ജിയാണ് വിശദീകരണം തേടിയത്.
അബി കരിമണ്ണൂർ എസ്.എച്ച്.ഒയുടെ ചുമതലയിൽ ഇരിക്കെ 2023 ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് സംഭവം. കരിമണ്ണൂരിൽ ഇയാളുടെ സഹോദരൻ ജമാലിന്റെ പേരിലുള്ള സ്ഥലത്ത് വീട് നിർമ്മിക്കാനായി മണ്ണെടുക്കാൻ പാസ് ലഭിച്ചിരുന്നു. ഇതിന്റെ മറവിൽ വൻതോതിൽ മണ്ണ് ഖനനം ചെയ്ത് വിൽക്കുകയും നെൽപാടമടക്കം നികത്തുകയും ചെയ്തെന്നാണ് ആക്ഷേപം. വിഷയത്തിൽ കുന്നിടിച്ച് മണ്ണ് വിൽപ്പന നടത്തിയ കേസിൽ ഉടമയ്ക്ക് മൈനിങ് ആന്റ് ജിയോളജി വകുപ്പ് 16 ലക്ഷം പിഴയിട്ടിരുന്നു. മണ്ണ് നീക്കം ചെയ്യാൻ ഉപയോഗിച്ച ടിപ്പർ ലോറികളും ജെ.സി.ബിയും അബിയുടെ ഉടമസ്ഥതയിലുള്ളവയായിരുന്നു. ഇയാൾ പതിവായി സ്ഥലത്തെത്തി മണ്ണിടപാടുകൾ നിയന്ത്രിച്ചിരുന്നതായും കണ്ടെത്തിയിരുന്നു. തൊടുപുഴ ഡിവൈ.എസ്.പിയായിരുന്ന എം.ആർ. മധുബാബുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഏപ്രിൽ മാസത്തിലാണ് ലോക്കൽ പൊലീസിനെ പോലും അറിയിക്കാതെ നേരിട്ടെത്തി സംഭവത്തിൽ കേസെടുത്തത്ത്. പിന്നാലെ നടത്തിയ പരിശോധനയിൽ ഡ്രൈവർമാർ നിരന്തരം അബിയുമായി ബന്ധപ്പെട്ടിരുന്നതായി വിവരം ലഭിച്ചു. ഇതോടെ ഇയാളെ ജില്ലാ പൊലീസ് മേധാവി അടിമാലിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്യുകയായിരുന്നു. പിന്നാലെ വിഷയത്തിൽ ഡി.സി.ആർ.ബി ഡിവൈ.എസ്.പിയ്ക്ക് അന്വേഷണ ചുമതല കൈമാറി. ഇദ്ദേഹം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ നടപടി.