
കടുത്ത വേനലിൽ കാട്ടിലെ നീർച്ചാലുകൾ വറ്റിവരണ്ടതോടെ കാട്ടാന, കാട്ടുപന്നി, കടുവ, പുലി, കാട്ടുപോത്ത് തുടങ്ങി വന്യമൃഗങ്ങളെല്ലാം നാട്ടിലിറങ്ങി ജനജീവിതം ദുസഹമാക്കുകയാണ്. ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിക്കുന്നതിലും കൃഷി നശിപ്പിക്കുന്നതിലും മുൻപന്തിയിൽ കാട്ടാനകളാണ്. മാങ്കുളം, അടിമാലി കാഞ്ഞിരവേലി, ചിന്നക്കനാൽ, പൂപ്പാറ, ശാന്തമ്പാറ, മൂന്നാർ, കുണ്ടള, കുമളി, വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലാണ് കാട്ടാനശല്യം രൂക്ഷം. വർഷങ്ങളുടെ അധ്വാനം നിമിഷനേരം കൊണ്ട് നശിപ്പിക്കുന്നത് നിസഹായരായി നോക്കിനിൽക്കേണ്ട ഗതികേടിലാണ് കർഷകർ.
അബദ്ധത്തിൽ ഇവയുടെ മുമ്പിൽപ്പെടുന്ന നിരവധി മനുഷ്യരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റവരും അംഗവൈകല്യം സംഭവിച്ചവരും അതിന്റെ ഇരട്ടി വരും. നഷ്ട പരിഹാരമെന്നു പറഞ്ഞു തുച്ഛമായ തുക ചിലർക്കു ലഭിക്കുമ്പോൾ മറ്റുള്ളവർക്ക് ഒന്നും കിട്ടാറില്ല. മൂന്നാർ ഗുണ്ടുമലയ്ക്ക് സമീപം തെന്മലയിൽ കാട്ടാനയാക്രമണത്തിൽ തമിഴ്‌നാട് സ്വദേശി പാൽരാജ് മരിച്ചതാണ് ഏറ്റവുമൊടുവിലെ സംഭവം. ചൊവ്വാഴ്ച രാത്രി തെന്മല ലോവറിലുള്ള ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ വിവാഹത്തോടനുബന്ധിച്ചുള്ള രാത്രി ആഘോഷം നടക്കുന്നതിനിടെയായിരുന്നു സംഭവം. വിവാഹത്തിൽ പങ്കെടുക്കാൻ ബന്ധുക്കൾക്കൊപ്പം എത്തിയതായിരുന്നു പാൽരാജ്. ആഘോഷങ്ങളുടെ ശബ്ദത്തിൽ പാട്ട് വച്ചിരുന്നു. ഇതിനാൽ തന്നെ ഒറ്റയാൻ എത്തിയത് പലരും അറിഞ്ഞില്ലെന്നാണ് സംശയിക്കുന്നത്. മറ്റുള്ളവർ ആനയെ കണ്ട് ഓടി രക്ഷപ്പെട്ടെങ്കിലും പ്രായാധിക്യത്തിൽ പാൽരാജിന് വേഗത്തിൽ ഓടിമാറാനായില്ല. ഈ സ്ഥലത്തിന് സമീപം റിസർവ് ഫോറസ്റ്റാണ്. ഇവിടെ ദിവസങ്ങളായി ഒറ്റയാൻ കറങ്ങി നടക്കുന്നതായും വിവരമുണ്ടായിരുന്നു. ഈ ആനയാണ് ആക്രമണം നടത്തിയതെന്നാണ് വനംവകുപ്പ് നൽകുന്ന വിവരം. ഈ മാസം നടക്കുന്ന മൂന്നാമത്തെ കാട്ടാനയാക്രമണമാണിത്. ഇതിൽ ഒരു സ്ത്രീയടക്കം രണ്ട് പേരും മരിച്ചു.
ഈ മാസം എട്ടിനാണ് കാട്ടാനയുടെ ആക്രമണത്തിൽ ശാന്തമ്പാറ പന്നിയാർ എസ്റ്റേറ്റിലെ തൊഴിലാളിയായ പരിമളം മരിച്ചത്. ജനവാസ മേഖലയിൽ ഇറങ്ങിയ ആറു കാട്ടാനകൾ അടങ്ങുന്ന കൂട്ടമാണ് രാവിലെ തേയില തോട്ടത്തിൽ ജോലിക്ക് പോകുന്നതിനിടെ പരിമളത്തെ ആക്രമിച്ചത്. പരിമളത്തിനൊപ്പം മറ്റ് തൊഴിലാളികളും ഉണ്ടായിരുന്നു. അവർ ഓടിമാറിയെങ്കിലും പരിമളത്തിന് രക്ഷപ്പെടാനായില്ല. 22ന് ചിന്നക്കനാലിലും കാട്ടാനയാക്രമണത്തിൽ ബിഎൽറാം സ്വദേശിയായ സൗന്ദർ രാജിന് ഗുരുതര പരിക്കേറ്റിരുന്നു. തന്റെ കൃഷിയിടത്തിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് സൗന്ദർ രാജനെ കാട്ടാന ആക്രമിച്ചത്. വർഷങ്ങൾക്ക് മുമ്പുണ്ടായ വീഴ്ചയെ തുടർന്ന് ഇദ്ദേഹത്തിന്റെ വലതുകാലിന് സ്വാധീനക്കുറവുണ്ടായിരുന്നു. അതിനാൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് ഓടി രക്ഷപ്പെടാൻ സൗന്ദർ രാജിന് കഴിഞ്ഞില്ല.
മൂന്നാറിൽ മാത്രമല്ല, പീരുമേട് ഭാഗത്ത് ഒരു വർഷത്തിലേറെയായി കാട്ടാനശല്യം രൂക്ഷമാണ്. വിവിധ കൂട്ടങ്ങളായി ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനകൾ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. സന്ധ്യയായി കഴിഞ്ഞാൽ പുലരുന്നതു വരെ ജനങ്ങൾക്ക് വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ്. കൃഷിയിടങ്ങളും വ്യാപകമായി ആന നശിപ്പിക്കുന്നുണ്ട്. ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ വിവിധ കേന്ദ്രങ്ങളിലും കാട്ടാന ശല്യം രൂക്ഷമാണ്.
കടുവ, പുലി, കരടി,
കാട്ടുപോത്ത്...
മൂന്നാറിലെ തേയിലത്തോട്ടത്തിൽ കഴിഞ്ഞയാഴ്ച രാവിലെ കല്ലാർ ഫാക്ടറി ഡിവിഷനിൽ തൊഴിലാളികൾ കടുവയെ കണുകയുണ്ടായി. തൊഴിലാളികൾ കൊളുന്ത് എടുത്തുകൊണ്ടിരുന്ന സമയത്തായിരുന്നു സംഭവം. എതിർ ഭാഗത്തുള്ള റോഡിലൂടെ കടുവ നടന്ന് കാട്ടിലേക്ക് പോകുകയായിരുന്നു എന്നാണ് തൊഴിലാളികൾ പറയുന്നത്. ആറ് മാസം മുമ്പും എസ്റ്റേറ്റിൽ കടുവയെ കണ്ടിരുന്നുവെന്നാണ് തൊഴിലാളികൾ പറയുന്നത്. പശു, നായ മുതലായ വളർത്ത് മൃഗങ്ങളെ വ്യാപകമായി കടുവയും പുലിയും കൊന്നൊടുക്കുന്നുണ്ട്.
ബൈസൺവാലിയിൽ ജനവാസ മേഖലയിൽ കഴിഞ്ഞ ദിവസം രാവിലെ കാട്ടുപോത്തിറങ്ങി. റോഡിലൂടെ എത്തിയ കാട്ട് പോത്ത് കൃഷിയിടത്തിലും സമീപ പ്രദേശങ്ങളിലുമായി ചുറ്റിത്തിരിയുകയാണ്. മുമ്പ് ബൈസൺവാലി ജോസ് ഗിരിയിൽ ജനവാസ മേഖലയിൽ എത്തിയ കാട്ടുപോത്ത് ആളുകളെ അക്രമിക്കുകയും പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തതിനെ തുടർന്ന് വെടിവച്ച് കൊന്ന സംഭവവും ഉണ്ടായിട്ടുണ്ട്.
മാങ്കുളം ടൗണിന് സമീപം ദിവസങ്ങൾക്ക് മുമ്പ് ജനവാസമേഖലയിൽ കരടി ഇറങ്ങിയിരുന്നു. മാങ്കുളം പട്ടക്കട സിറ്റിക്ക് സമീപം മേനാതുണ്ടത്തിൽ അനീഷിന്റെ വീടിന്റെ തൊട്ടരികിലാണ് കരടിയെത്തിയത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് നാലേമുക്കാലോടെയാണ് കരടിയെ കണ്ടത്. അനീഷിന്റെ ഭാര്യയും മക്കളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ബഹളം കേട്ടതോടെ കരടി സമീപത്തുണ്ടായിരുന്ന പാറയിലൂടെ കയറി ഓടി മറഞ്ഞു. എന്നാൽ വനംവകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
പരിഹാരമുണ്ട്,
വേണ്ടത് നടപടി
വേനലിൽ കാട്ടിലെ നീർച്ചാലുകൾ വറ്റിയതും പച്ചപ്പ് കുറയുന്നതുമാണ് വന്യമൃഗങ്ങൾ ഇരതേടി നാട്ടിലേക്കിറങ്ങാൻ കാരണം. വാസ്തവത്തിൽ കാട്ടുമൃഗങ്ങൾ കർഷകരുമായി ഏറ്റുമുട്ടാൻ ഇറങ്ങിവരുന്നതല്ല. അവ അതിജീവനത്തിനു വേണ്ടിയുള്ള തീവ്രശ്രമത്തിലാണ്. വനാതിർത്തികളിലെ കൃഷിയിടങ്ങളാണ് ഇവയുടെ മുഖ്യലക്ഷ്യം. വനാതിർത്തികളിൽ വന്യമൃഗങ്ങൾക്കായി കൃത്രിമ കുളമടക്കം നിർമ്മിച്ച് ഇവ നാട്ടിലേക്ക് ഇറങ്ങുന്നത് തടയാൻ കോടികളുടെ ഫണ്ട് സർക്കാർ അനുവദിക്കാറുണ്ടെങ്കിലും ഇത് ഫലപ്രദമായി വിനിയോഗിക്കുന്നില്ല.
ഇപ്പോൾ കാടിന്റെ മൂന്നിലൊന്നു ഭാഗത്തോളം നിബിഡ വനങ്ങൾക്ക് പകരം തോട്ടവനങ്ങളാക്കി മാറ്റി. അവിടെ വന്യജീവികൾക്കുള്ള ഒരു ഭക്ഷണവുമില്ല. തോട്ടവനങ്ങൾ മുഴുവൻ മുറിച്ചുനീക്കുകയാണ് സർക്കാർ ആദ്യമായി ചെയ്യേണ്ടത്. പകരം അവിടെ സ്വാഭാവിക വനം വളരാൻ അനുവദിക്കണം. അങ്ങനെ സംഭവിച്ചാൽ കാട്ടുമൃഗങ്ങൾക്ക് ആവശ്യമുള്ള ധാരാളം ഭക്ഷ്യവസ്തുക്കളും അവിടെ ഉണ്ടാകും. ജൈവവൈവിദ്ധ്യം പോഷിപ്പിക്കുന്ന നീർമരങ്ങൾ തഴച്ചുവളരുമ്പോൾ മണ്ണിൽ ജലവും ഉണ്ടാകും. പിന്നെ വെള്ളം തേടിയും ഭക്ഷണം തേടിയും മൃഗങ്ങൾക്ക് കാടുവിട്ട് ഇറങ്ങേണ്ടിവരില്ല.
മറ്റൊരു പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് അശാസ്ത്രീയമായ വേട്ട നിരോധനമാണ്. മാനിന്റെ എണ്ണം പെരുകുന്നതിന് അനുസരിച്ച് അതിനെ കൊല്ലാൻ ആസ്‌ട്രേലിയയിലും അമേരിക്കയിലും അനുവാദമുണ്ട്. എല്ലാ ജീവികളുടേയും എണ്ണം നിയന്ത്രിക്കാനും സന്തുലിതമായി നിലനിറുത്താനും പ്രകൃതിതന്നെ നിശ്ചയിച്ച ഇരപിടിയൻ ക്രമമുണ്ട്. ആഹാരശൃംഖലയിലെ കണ്ണികൾ മുറിയുമ്പോൾ ചില ജീവികൾ മാത്രം ക്രമരഹിതമായി വർദ്ധിക്കുന്നതു സ്വാഭാവികം. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് വെടിവയ്ക്കുന്നതിന് ഇപ്പോൾ കേരളത്തിൽ അനുമതിയുണ്ട്. അതുപോലെ നാട്ടിൽ ഇറങ്ങുന്ന കാട്ടുമൃഗങ്ങളെ കൊല്ലാൻ അനുവാദം കൊടുക്കണമെന്നാണ് കർഷകരുടെ ആവശ്യം. പെട്ടെന്നു കേൾക്കുമ്പോൾ ഇതു ക്രൂരതയായി തോന്നും. പക്ഷേ, വസ്തുതാപരമായി ചിന്തിച്ചാൽ മനുഷ്യനു പ്രഥമ പരിഗണന നൽകുകയും മനുഷ്യന്റെ സ്വസ്ഥജീവിതത്തെ തകിടംമറിക്കുകയും ചെയ്യുന്ന ജീവികളുടെ അനിയന്ത്രിത വർദ്ധനയ്ക്ക് പരിഹാരം തേടേണ്ടത് ആവശ്യമാണെന്നു മനസിലാകും.
ഒറ്റപ്പെട്ട വനങ്ങളും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന വനങ്ങളുമുണ്ട്. ഒരു വനത്തിൽ നിന്ന് മറ്റൊരിടത്തേക്കു ഭക്ഷണം തേടിയോ വെള്ളം തേടിയോ പോകുന്ന വന്യജീവിയുടെ യാത്ര ചിലപ്പോൾ ജനവാസമേഖലയിൽക്കൂടിയാകാം. അത്തരം സ്ഥലങ്ങളിൽ ഇവയ്ക്ക് കടന്നുപോകാൻ ഇടനാഴികൾ സൃഷ്ടിക്കണം. ഓരോ വനത്തെയും സംബന്ധിച്ച മാപ്പിംഗ് നടത്തണം. മനുഷ്യനുവേണ്ടി റോഡ് വെട്ടുന്നതുപോലെ മൃഗങ്ങൾക്കും സുരക്ഷിത പാത ഒരുക്കണം. വേനൽക്കാല സാഹചര്യം കണക്കിലെടുക്കുന്ന മാപ്പിംഗ് ആണ് വേണ്ടത്.