മൂന്നാർ: ഒടുങ്ങാത്ത ആനക്കലിയിൽ മനുഷ്യജീവനുകൾ പൊലിയുന്നത് തുടർക്കഥയായിട്ടും വനമേഖലയോട് ചേർന്ന് താമസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കാൻ അധികൃതർ ഒരു നടപടിയും സ്വീകരിക്കാത്തതിൽ വ്യാപക പ്രതിഷേധം. കഴിഞ്ഞ ഒരു വർഷത്തിനിടെ നാല് പേരാണ് മൂന്നാറിൽ മാത്രം കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കുമേറ്റു. രണ്ടാഴ്ചയ്ക്കിടെ മൂന്നാറിൽ മൂന്ന് കാട്ടാനയാക്രമണങ്ങളിലായി രണ്ട് പേരാണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രിയിൽ വിവാഹ വീട്ടിൽ കാട്ടാനയെത്തി നടത്തിയ ആക്രമണത്തിൽ തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശിയായ വയോധികൻ കൊല്ലപ്പെട്ടതാണ് അവസാന സംഭവം. ഗുണ്ടുമല തെന്മല ലോവറിലുള്ള ക്ഷേത്രത്തിന് സമീപത്തെ മേരി എന്നയാളുടെ വീട്ടിൽ വിവാഹത്തോടനുബന്ധിച്ചുള്ള രാത്രി ആഘോഷം നടക്കുന്നതിനിടെയായിരുന്നു സംവം. വിവാഹത്തിൽ പങ്കെടുക്കാൻ ബന്ധുക്കൾക്കൊപ്പം എത്തിയതായിരുന്നു കൊല്ലപ്പെട്ട പാൽരാജ് (73). ആഘോഷങ്ങളുടെ ശബ്ദത്തിൽ പാട്ട് വച്ചിരുന്നു. ഇതാണ് ആന ഇങ്ങോട്ടെത്താൻ കാരണമായി വനംവകുപ്പ് പറയുന്നത്. പാൽരാജും മറ്റ് മൂന്നുപേരും സമീപത്തെ കാന്റീനിൽ പോയ ശേഷം മടങ്ങി എത്തുന്നതിനിടെയായിരുന്നു സംഭവം. മറ്റുള്ളവർ ആനയെ കണ്ട് ഓടി രക്ഷപ്പെട്ടെങ്കിലും പ്രായാധിക്യത്തിൽ പാൽരാജിന് വേഗത്തിൽ ഓടിമാറാനായില്ല. ഒറ്റക്കൊമ്പുള്ള ആനയാണ് ആക്രമണം നടത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു. പാൽരാജിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം സ്വദേശത്തേക്ക് കൊണ്ടുപോയി. അടിയന്തര ധനസഹായമായി 50,000 രൂപ വനംവകുപ്പ് ബന്ധുക്കൾക്ക് കൈമാറി.
തിങ്കളാഴ്ച ചിന്നക്കനാൽ ബിഎൽ റാം സ്വദേശി സൗന്ദർരാജിനെ കൃഷിയിടത്തിൽ കാട്ടാന ആക്രമിച്ചിരുന്നു. ചക്കക്കൊമ്പൻ എന്ന ആനയാണ് ആക്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ ഇയാളുടെ രണ്ട് കൈകളും ഒടിഞ്ഞു. പന്നിയാർ എസ്റ്റേറ്റിൽ കഴിഞ്ഞ എട്ടിനുണ്ടായ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിയായ പരിമള (44) കൊല്ലപ്പെട്ടിരുന്നു.
അരിക്കൊമ്പനെ കാടുകടത്തിയിട്ടും മൂന്നാർ മേഖലയിൽ പടയപ്പയും ചക്കക്കൊമ്പനുമടക്കമുള്ള കാട്ടാനകൾ ആക്രമണം തുടരുകയാണ്. തിങ്കളാഴ്ച ഇക്കോപോയിന്റിലെത്തിയ കാട്ടാന പടയപ്പ വലിയ നാശമാണ് കഴിഞ്ഞ ദിവസം വരുത്തിയത്.
മൂന്നാറിൽ കോൺഗ്രസ്
റോഡ് ഉപരോധിച്ചു
മൂന്നാർ തെന്മലയിൽ കാട്ടാന ആക്രമണത്തിൽ കോയമ്പത്തൂർ സ്വദേശി മരിച്ച സംഭവത്തിൽ വനംവകുപ്പിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് മൂന്നാറിൽ റോഡ് ഉപരോധിച്ചു. മൂന്നാർ- മറയൂർ റോഡാണ് ടൗണിൽ ഉപരോധിച്ചത്. മൂന്നാർ മേഖലയിലെ വന്യമൃഗ ആക്രമണം തടയാൻ നടപടി സ്വീകരിക്കുക, ജനവാസ മേഖലയിൽ ഫെൻസിംഗ് സ്ഥാപിക്കുക, ആക്രമണത്തിൽ ഇരയാകുന്നവർക്കും കൃഷി നാശം സംഭവിക്കുന്നവർക്കും നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ഉപരോധം മുൻ എം.എൽ.എ എ.കെ. മണി ഉദ്ഘാടനം ചെയ്തു.
സമരം ചെയ്ത് മടുത്തു
അടിക്കടിയുണ്ടാകുന്ന കാട്ടാന ആക്രമണത്തിൽ അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സമരസമിതി രൂപീകരിച്ച് പ്രതിഷേധ പ്രകടനങ്ങളും റോഡ് ഉപരോധവും ഹർത്താലുകളും ഉൾപ്പെടെ സമരങ്ങളുമായി ജനങ്ങൾ പലതവണ രംഗത്തെത്തിയെങ്കിലും അധികൃതർ വാഗ്ദാനങ്ങൾ നൽകി ശാന്തരാക്കി വിടുക മാത്രമാണ് ചെയ്യുന്നത്. പലതവണ വനംവകുപ്പിന് പരാതി നൽകിയിട്ടും പ്രക്ഷോഭം നടത്തിയിട്ടും കാട്ടാന ശല്യത്തിന് പരിഹാരം കാണാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. കാട്ടാനയെ പേടിച്ച് രാത്രി സമാധാനമായി വീട്ടിൽ കിടന്നുറങ്ങാനാകാത്ത സ്ഥിതിയിലാണ് പ്രദേശവാസികൾ.
ആനകളുടെ
ആവാസകേന്ദ്രം
ആനയിറങ്കൽ അണക്കെട്ടിന്റെ ഇരുവശത്തുമായി സ്ഥിതിചെയ്യുന്നവയാണ് ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകൾ. മുമ്പ് കിലോമീറ്ററുകൾ വിസ്തൃതിയുള്ള ഇവിടത്തെ പുൽമേടുകളും വനവും ഒരിക്കൽ ആനകളുടെ ആവാസകേന്ദ്രമായിരുന്നു. ചക്കക്കൊമ്പൻ, മുറിവാലൻകൊമ്പൻ, ചില്ലിക്കൊമ്പൻ, പാത്തിക്കാലൻ, മുറിവാലൻ തുടങ്ങിയവയടക്കം മുപ്പതോളം കാട്ടാനകളാണ് മേഖലയിലുള്ളത്.