തൊടുപുഴ: മുതലക്കോടത്ത് ഇനി തകരാൻ റോഡുകളൊന്നും ബാക്കിയില്ല. നഗരസഭാ പരിധിയിലുള്ള ഇവിടെ കുണ്ടും കുഴിയുമില്ലാത്ത ഒരു റോഡ് പോലും മഷിയിട്ട് നോക്കിയാൽ പോലും കാണാനാവില്ല. മുതലക്കോടം സ്‌കൂൾ- മഠത്തിക്കണ്ടം റോഡ്, മുതലക്കോടം- പഴേരി- പുതുച്ചിറ റോഡ്, കൃഷ്ണപിള്ള റോഡ് തുടങ്ങി മുതലക്കോടത്തിന്റെ ഹൃദയ ഭാഗങ്ങളിൽ കൂടി കടന്നുപോകുന്ന റോഡുകളെല്ലാം കാൽനടയാത്ര പോലും അസാധ്യമാകുംവിധം തകർന്നിരിക്കുകയാണ്. കൃഷ്ണപിള്ള റോഡും സ്റ്റേഡിയം റോഡും നന്നാക്കാൻ കുഴികൾ മൂന്ന് ആഴ്ച മുമ്പ് വൃത്തിയാക്കിയിരുന്നു. ഇതോടെ ഇവിടെ ഉണ്ടായിരുന്ന കുഴികളുടെയെല്ലാം വലിപ്പവും ആഴവും ഒന്നുകൂടി വർദ്ധിച്ചു. അതോടെ ദുരിതം ഇരട്ടിയായി. ഒമ്പത്, പത്ത് വാർഡുകളിൽ കൂടി കടന്നുപോകുന്ന റോഡാണ് പ്രധാനമായും തകർന്നുകിടക്കുന്നത്. ഇതിൽ ഒമ്പതാം വാർഡ് പ്രതിനിധി മുൻ വൈസ് ചെയർപേഴ്സണായിരുന്നു. കോടതി അയോഗ്യയാക്കിയതോടെ വാർഡിൽ നിലവിൽ കൗൺസിലറില്ല. വാർഡിലെ വഴിവിളക്കുകളും പ്രകാശിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. മുതലക്കോടം മഠത്തിക്കണ്ടം റോഡിന്റെ കുറച്ച് ഭാഗത്ത് കരാറുകാരനുമായി കേസ് ഉണ്ടെന്നും അതിനാലാണ് തകർന്നു കിടക്കുന്ന ഈ ഭാഗം നന്നാക്കാൻ രണ്ട് വർഷമായിട്ടും കഴിയാത്തതുമെന്നാണ് നഗരസഭ പറയുന്നത്.

കോടതിയെ കാര്യങ്ങൾ കൃത്യമായി ധരിപ്പിച്ച് യാത്രാദുരിതം എങ്ങനെയെങ്കിലും പരിഹരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. നേരിട്ടും രേഖാമൂലവും നഗരസഭയിലും നവകേരള സദസ്സിലും പരാതി നൽകിയിട്ടും മൂന്നു വർഷമായി തുടരുന്ന യാത്രാ ദുരിതത്തിന് പരിഹാരമില്ല.

സമരത്തിനൊരുങ്ങി ആക്ഷൻ കൗൺസിൽ

പെട്ടേനാട്, ടൗൺ, സ്റ്റേഡിയം, സ്‌നേഹ, മഠത്തിക്കണ്ടം, മിത്ര എന്നീ റസിഡന്റ്സ് അസോസിയേഷനുകളുടെ ഭാരവാഹികൾ യോഗം ചേർന്ന് ആക്ഷൻ കൗൺസസിൽ രൂപീകരിച്ച് സമരപരിപാടികൾ ആരംഭിക്കാൻ തീരുമാനിച്ചു. യോഗം ആറ് അംഗങ്ങളുള്ള ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. കൺവീനറായി അഡ്വ. സി.എം. മുനീറിനെ തിരഞ്ഞെടുത്തു. മുനിസിപ്പൽ അധികാരികളെ നേരിൽ കാണുന്നതിനും കമ്മിറ്റി റോഡിന് വേണ്ടി പാസാക്കിയ പ്രമേയം മുനിസിപ്പൽ ചെയർമാനും സെക്രട്ടറിക്കും എൻജിനിയർക്കും കൊടുക്കാൻ റസിഡന്റ്സ് ആക്ഷൻ കൗൺസിലിനെ യോഗം ചുമതലപ്പെടുത്തി. യോഗത്തിൽ പെട്ടേനാട് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.എസ്. ഹസ്സൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷനുകളെ പ്രതിനിധീകരിച്ച് കെ.ജെ. ജോൺ, അഡ്വ. സി.എം. മുനീർ, കെ. പ്രഭാകരൻ, കെ.വി. മത്തായി, ടി.എച്ച്. മുഹമ്മദ്, ഡൊമനിക് പോൾ,​ സി.ഇ. മൈതീൻ, പൗലോസ് എം.ഐ, ജോർജ്. എ, കെ.കെ. സോമൻ, ജോർജ് എം.ജെ, കുര്യാക്കോസ് മാത്യു, സജീവ് പി.ഐ, ടി.എ. ജോർജ് എന്നിവർ സംസാരിച്ചു.