ഇടുക്കി : മെഡിക്കൽ കോളേജിൽ ഇന്ന് ആശുപത്രി വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ശുചീകരണം നടത്തും. പൊതുജനങ്ങൾക്കും ശുചീകരണപ്രവർത്തനങ്ങളിൽ പങ്കുചേരാവുന്നതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ആദ്യഘട്ട ശുചീകരണം കഴിഞ്ഞ ദിവസം മെഡിക്കൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയിരുന്നു. ശുചീകരണപ്രവർത്തനങ്ങൾക്ക് ശേഷം പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പുരുഷ , സ്ത്രീ മെഡിസിൻ വാർഡുകൾ ,ഐ സി യു , ലാബ് തുടങ്ങിയവയെല്ലാം പുതിയ കെട്ടിടത്തിലേക്ക് മറ്റും. പഴയ കെട്ടിടത്തിൽ സർജറി , ഓർത്തോ , പീഡിയാട്രിക് ഒപി , വാർഡുകൾ എന്നിവയാകും രോഗികളുടെ സൗകര്യാർത്ഥം പുതുതായി സജ്ജീകരിക്കുക . വിജകരമായി ഒന്നാം വർഷം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് പുതിയ സ്മാർട്ട് ക്ലാസ് റൂം , ഏകീകൃത ലൈബ്രറി , ഡെമോൺസ്‌ട്രേഷൻ റൂം എന്നിവ ഉടൻ സജ്ജീകരിക്കും. ഇതിനായുള്ള പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ആശുപത്രിയിലേക്ക് അധികമായി ആവശ്യമുള്ള കസേര , വാട്ടർ പ്യൂരിഫൈർ തുടങ്ങിയവ വിവിധ സന്നദ്ധ സംഘടനകളിൽ നിന്നും സ്‌പോൺസർഷിപ്പിലൂടെ ലഭ്യമാക്കാനും ആശുപത്രി വികസന സമിതി യോഗം തീരുമാനിച്ചു.