വാഗമൺ: സാഹസിക ടൂറിസം രംഗത്ത് ഏറെ പ്രശസ്തമായ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റ് വാഗമണ്ണിൽ മാർച്ച്14 മുതൽ 17 വരെ നടക്കും. സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും പാരാഗ്ലൈഡിംഗ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സാങ്കേതിക സഹകരണത്തോടെയാണ് ഫെസ്റ്റ് നടത്തുന്നത്. ഇതോടനുബന്ധിച്ച് വാഗമൺ കേന്ദ്രീകരിച്ച് വിവിധ പരിപാടികളും നടത്തും.ഫെസ്റ്റുമായി ബന്ധപ്പെട്ട ആലോചനാ യോഗം വാഗമൺ അഡ്വഞ്ചർ പാർക്കിൽ ചേർന്നു. യോഗത്തിൽ വാഴൂർ സോമൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും സഹകരണത്തോടെ പാരാഗ്ലൈഡിംഗ് ഫെസ്റ്റ് നടത്താൻ യോഗത്തിൽ തീരുമാനിച്ചു. ഫെസ്റ്റ് നടക്കുന്ന ദിവസങ്ങളിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സുരക്ഷാ മുൻകരുതൽ, മാലിന്യ നിർമ്മാർജനം, ട്രാഫിക് നിയന്ത്രണം എന്നിവ നടപ്പാക്കും.
യോഗത്തിൽ അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. സെൽവത്തായി , ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രുതി പ്രതീപ്, വാർഡ് അംഗങ്ങളായ സിനി വിനോദ്, പ്രദീപ് കുമാർ, അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി സി.ഇ.ഒ ബിജു കുര്യക്കോസ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഷൈൻ കെ.എസ്, ഡി.ടി.പി.സി സെക്രട്ടറി ജിതീഷ് ജോസ്, പീരുമേട് തഹസിൽദാർ സണ്ണി ജോർജ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, സംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.