
തൊടുപുഴ: കാഞ്ഞിരമറ്റം ശ്രീ മഹാദേവക്ഷേത്രത്തിൽ പ്രതിഷ്ഠാമഹോത്സവത്തിന്റെ പതിനൊന്നാം ദിനമായ ഇന്ന് ദേവനെ കണികാണിച്ച് നട തുറക്കൽ ചടങ്ങ് നടക്കും. പുലർച്ചെ 5 മണിക്കാണ് നടതുറക്കൽ ചടങ്ങ് നടക്കുന്നത്. പുനഃ പ്രതിഷ്ഠയെ തുടർന്ന് രണ്ടു രാത്രികളും മൂന്നു പകലും ദേവന്മാർ ശ്രീകോവിലിൽ പൂജ ചെയ്യുന്നുവെന്ന സങ്കൽപ്പത്തിൽ അടച്ച ശ്രീകോവിൽ നട തുറന്നു കൊണ്ടാണ് കണികാണിക്കൽ ചടങ്ങ് നടക്കുന്നത്. തുടർന്ന് തത്വഹോമം , തത്വകലശാഭിഷേകം , വലിയപാണി , പരികലശാഭിഷേകങ്ങൾ , ബ്രഹ്മകലശാഭിഷേകം , അവസ്രുതപ്രോക്ഷണം , ശ്രീഭൂതബലി തുടങ്ങിയ കർമ്മങ്ങൾ നടക്കും.
രാവിലെ 9 മുതൽ ചോറ്റാനിക്കര നന്ദപ്പ മാരാർ നേതൃത്വം നൽകുന്ന സ്‌പെഷ്യൽ പഞ്ചവാദ്യം നടക്കും. ക്ഷേത്രത്തിലെത്തുന്ന മുഴുവൻ ഭക്തർക്കും ഉച്ചയ്ക്ക് മഹാപ്രസാദമൂട്ടും വൈകിട്ട് അത്താഴവും ക്ഷേത്രം ഊട്ടുപുരയിൽ തയ്യാറാക്കിയിട്ടുണ്ട്. വൈകിട്ട് 5ന് സാംസ്‌കാരിക സദസ്സും 6 ന് വയലാ മഞ്ജുകേശ് അവതരിപ്പിക്കുന്ന സോപാനസംഗീതവും വേദിയിൽ നടക്കും. ചലച്ചിത്ര പിന്നണി ഗായകൻ ബിജു നാരായണൻ അവതരിപ്പിക്കുന്ന ഭക്തിഗാനമേളയും വൈകിട്ട് 7.30 മുതൽ വേദിയിൽ അരങ്ങേറും.
ഇന്നലെ വൈകിട്ട് വേദിയിൽ തിരുവാതിര ഉൾപ്പെടെയുള്ള നൃത്തപരിപാടികളും കോഴിക്കോട് പ്രശാന്ത് വർമ്മ യുടെ നേതൃത്വത്തിൽ മാനസ ജപലഹരി യെന്ന സംഗീതാർച്ചനയും അരങ്ങേറി.