കരിമണ്ണൂർ : സെയ്ന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി, ഹോളി ഫാമിലി എൽ. പി. എന്നീ വിദ്യാലയങ്ങളുടെ നവതി വാർഷികാഘോഷങ്ങളോട് അനുബന്ധിച്ചുള്ള വിളംബരജാഥ ഇന്ന് രാവിലെ 9ന് നടക്കും. ഒരു വർഷം നീണ്ടുനിൽക്കുന്ന വാർഷികാഘോഷ പരിപാടികൾക്കാണ് വിളംബര ജാഥയോടെ തുടക്കമാകുന്നത്.
സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ അങ്കണത്തിൽ നിന്നാരംഭിക്കുന്ന വിളംബര ജാഥ കരിമണ്ണൂർ പട്ടണം ചുറ്റി ഹോളി ഫാമിലി എൽ.പി. സ്‌കൂൾ അങ്കണത്തിൽ സമാപിക്കും. സ്‌കൂൾ മാനേജർ ഫാ. ഡോ. സ്റ്റാൻലി പുൽപ്രയിൽ അദ്ധ്യക്ഷനാകുന്ന യോഗത്തിൽകരിമണ്ണൂർ എസ്എച്ച്.ഒ ടി. വി. ധനഞ്ജയ ദാസ് റാലി ഫ്‌ളാഗ് ഓഫ് ചെയ്യും. തദ്ദേശ സ്വയംഭരണ അംഗങ്ങൾ, വിദ്യാഭ്യാസ പ്രവർത്തകർ, പൂർവ്വ അദ്ധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, മാനേജ്‌മെന്റ് പ്രതിനിധികൾ, അദ്ധ്യാപക അനദ്ധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, എൻ.സി.സി, സ്റ്റുഡന്റ് പൊലീസ്, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, ജൂനിയർ റെഡ്‌ക്രോസ്, എൻഎസ്എസ് എന്നിവയിലെ അംഗങ്ങൾ തുടങ്ങി നിരവധിപേർ അണിനിരക്കും. കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന കലാരൂപങ്ങളും ബാൻഡും ചെണ്ടമേളവും വിളംബരജാഥയെ വർണ്ണാഭമാക്കും.
സ്‌കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ജോസഫ് വടക്കേടത്ത്, പ്രിൻസിപ്പൽ ബിസോയ് ജോർജ്, ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ സജി മാത്യു, എൽ.പി സ്‌കൂൾ ഹെഡ്മാസ്റ്റർ കെ. ടി. തോബിയാസ് എന്നിവർ നേതൃത്വം നൽകും.