കുമളി : വെള്ളാരംകുന്നിൽ എൽ.പി.ജി ഗ്യാസ് ചോർന്നുണ്ടായ തീപിടുതത്തിൽ നിന്ന് കുടുംബം രക്ഷപെട്ടു. കുമളി വെള്ളാരം കുന്ന് സെന്റ് മേരീസ് പള്ളിക്ക് സമീപം വാടകക്ക് താമസിക്കുന്ന ഏറത്ത് ബാബുവിന്റെ വീട്ടിൽ ഇന്നലെ രാവിലെ എട്ടരയോടെയാണ് തീപിടുത്തമുണ്ടായത്. രാവിലെ അടുപ്പ് കത്തിക്കുന്നതിടെ ഗ്യാസ് സിലിണ്ടറിലേക്ക് തീപടരുകയായിരുന്നു. തുണിയും മറ്റും നനച്ച് സിലിണ്ടറിലെ തീ അണക്കാൻ ശ്രമിച്ചെങ്കിലും തീ ശമിച്ചില്ല. ഇടുങ്ങിയ അടുക്കള മുറിയിൽ പുക നിറഞ്ഞ തോടെ കുടുംബാംഗങ്ങൾ പുറത്തേക്ക് ഓടി. പിന്നീട് ജനലിന്റെ ചില്ല് പൊട്ടിച്ച് അയൽ വീട്ടിൽ നിന്നും വെള്ളം ചീറ്റിച്ചതിനൊപ്പം ചാക്ക് നനച്ച് തീകെടുത്തി സിലിണ്ടർ വീടിന് പുറത്തേക്ക് മാറ്റി. ഭിത്തിയിലെ സിമന്റ് പ്‌ളാസ്റ്ററിംഗ് പൊളിഞ്ഞു. ഗ്യാസ് അടുപ്പും വയറിംഗും മറ്റ് സാധനങ്ങളും കത്തി നശിച്ചിട്ടുണ്ട്. ഗ്യാസ് സിലിണ്ടറിനുള്ളിലെ വാഷർ തേഞ്ഞിട്ടും കമ്പനിക്കാർ മാറ്റാത്തതാണ് ഇത്തരത്തിലുള്ള അപകടങ്ങൾക്ക് മുഖ്യകാരണം.