തൊടുപുഴ: വഴിത്തല ശാന്തിഗിരി കോളേജിൽ അഖില കേരള ഭിന്നശേഷി സംഗമവും കലോത്സവം 'ചിറക് 2023' സംഘടിപ്പിക്കുമെന്ന് കോളേജ് അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 27ന് രാവിലെ ഒമ്പതിന്‌ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഫാ. ഡോ. ബേബി ജോസഫ് അദ്ധ്യക്ഷനാകും. 25 സ്ഥാപനങ്ങളിൽ നിന്ന് മുന്നൂറോളം കലാകാരന്മാർ പങ്കെടുക്കും. ലോക ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച്‌ കോളേജിലെ എം.എസ്.ഡബ്ല്യു ഡിപ്പാർട്‌മെന്റ് നടത്തിവരുന്ന 'ചിറക്" പരിപാടിയുടെ തുടർച്ചയാണ് കലോത്സവവും. നൃത്തം, സംഗീതം, പ്രച്ഛന്നവേഷം, ഫാഷൻ ഷോ മത്സരങ്ങളിൽ കുട്ടികൾ മാറ്റുരയ്ക്കും. വിജയികൾക്ക് ക്യാഷ് പ്രൈസ് സമ്മാനിക്കും. തടസരഹിത പൊതുസംവിധാനങ്ങൾ ഭിന്നശേഷിക്കാർക്കും ഉറപ്പാക്കുന്നു. ശാന്തിഗിരിയിലെ ബാരിയർ ഫ്രീ എൻവയോൺമെന്റും പരിചയപ്പെടുത്തും. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് രണ്ട് ഇലക്ട്രിക് വീൽചെയർ സൗജന്യമായി നൽകും. വാർത്താ സമ്മേളനത്തിൽ ഫാക്കൽറ്റി കോർഡിനേറ്റർ ആൽവിൻ ജോസ് അലക്സ്, വിദ്യാർത്ഥി കോർഡിനേറ്റർമാരായ മെൽവിൻ മനോജ്‌ ജോർജ്, മേഘ എം. നായർ, പി.എസ്. ആര്യ എന്നിവർ പങ്കെടുത്തു.