തൊടുപുഴ: ചിന്നക്കനാലിൽ സ്വന്തം കൈയേറ്റം കൈയോടെ പിടിക്കപ്പെട്ടപ്പോൾ വീണിടം വിദ്യയാക്കുന്ന പഴയ തന്ത്രമെടുത്ത് പയറ്റുകയാണ് മാത്യു കുഴൽനാടൻ എം.എൽ.എയെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.കെ. ശിവരാമൻ പറഞ്ഞു. താൻ ഒരിഞ്ച് ഭൂമി പോലും കൈയേറിയിട്ടില്ലെന്നും താൻ വിലകൊടുത്ത് വാങ്ങിയ അതേ ഭൂമിയാണ് തന്റെ കൈവശമുള്ളതെന്നും പറയുന്ന കുഴൽനാടൻ വസ്തു അളന്നു തിരിച്ചല്ല വാങ്ങിയതെന്ന് സമ്മതിക്കുന്നു. 50 സെന്റ് അധിക ഭൂമിയുണ്ടെങ്കിൽ അത് വിരിവായിരിക്കുമെന്നും കുഴൽനാടൻ പറയുന്നു. ഇവിടെയാണ് കുഴൽനാടന്റെ കുടില ബുദ്ധി പ്രവർത്തിക്കുന്നത്. ഈ നാട്ടിൽ ഏതെങ്കിലും ഒരാൾ അളന്നു തിരിക്കാതെയും വില്ലേജ് ഓഫീസിൽ പോയി ഭൂമിയുടെ വിവരം മനസിലാക്കാതെയും അതിരുകൾ മനസിലാക്കാതെയും ഭൂമി വാങ്ങുമോ?. കുഴൽനാടൻ പറയുന്നത് പോലെ വാങ്ങിയ ഭൂമിയിൽ വിരിവുണ്ടെങ്കിൽ അതും ആധാരത്തിൽ കാണിക്കുമെന്ന് അറിയാത്ത പഞ്ചപാവമാണ് കുഴൽനാടനെന്നു ജനങ്ങൾ വിശ്വസിക്കണമോ? കുഴൽനാടൻ വാങ്ങിയ ഭൂമിയുടെ പട്ടയവും യഥാർത്ഥ പട്ടയമാണോ എന്ന് പരിശോധിക്കണം. കൈയേറ്റ മാഫിയയുടെ കാവലാളായി കുഴൽനാടൻ മാറിക്കഴിഞ്ഞു. 50 സെന്റല്ല 50 ഏക്കർ തിരിച്ച് പിടിച്ചാലും താൻ ഒരിഞ്ച് പിന്നോട്ടില്ലെന്നും ഭയപ്പെടുത്താൻ നോക്കരുതെന്നും പറയുന്ന കുഴൽനാടൻ സ്വയം പരിഹാസ്യനാവുകയാണ്.അന്ധമായ ഇടതുപക്ഷ വിരോധം തലയ്ക്ക് പിടിച്ച കുഴൽനാടന്മാർ എന്തെല്ലാം കള്ളപ്രചാരണം നടത്തിയാലും ഇടതുസർക്കാർ പോകേണ്ട വഴിയിലൂടെ തന്നെ മുന്നോട്ട് പോകും. ചിന്നക്കനാലിൽ കുഴൽനാടന്റെ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ മുഖംമൂടി അഴിഞ്ഞു വീണിരിക്കുന്നു.കൈയേറ്റ ഭൂമി തിരിച്ച് പിടിക്കുകയും കുഴൽനാടനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് ശിവരാമൻ ആവശ്യപ്പെട്ടു.