ഇടുക്കി: വിനോദസഞ്ചാരമേഖലകളിൽ സഞ്ചാരികളുമായി ഓഫ് റോഡ് സവാരിക്ക് പോകുന്ന ട്രക്കിങ് ജീപ്പുകൾ അപകടത്തിൽപ്പെടുന്നത് സ്ഥിരം സംഭവമായിട്ടും നടപടിയെടുക്കാതെ അധികൃതർ. ആഴ്ചയിൽ കുറഞ്ഞത് രണ്ടും മൂന്നും ട്രക്കിങ് വാഹനങ്ങളെങ്കിലും അപകടത്തിൽപ്പെടുന്നുണ്ടെങ്കിലും പലതും പുറത്തറിയാറില്ലെന്നതാണ് സത്യം. യാത്രക്കാർ അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന വിനോദസഞ്ചാരികളായതിനാലും ട്രക്കിങ് അനധികൃതമായി നടക്കുന്നതിനാലും അപകടത്തിൽപ്പെട്ട് പരിക്കേൽക്കുന്നവരെ ആരും അറിയാതെ തമിഴ്‌നാട്ടിലെ തേനി, കോയമ്പത്തൂർ എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് കൊണ്ടുപോവുന്നത്. അപകടത്തിൽപ്പെട്ട വാഹനം മറ്റു ട്രക്കിങ് ജീപ്പുകൾ എത്തിച്ച് കെട്ടിവലിച്ചു കയറ്റി ഏതെങ്കിലും വർക്ക് ഷോപ്പുകളിൽ എത്തിക്കുകയും ചെയ്യും. അതിനാൽ തന്നെ ഇതുമായി ബന്ധപ്പെട്ട് പൊലീസ് കേസുകളൊന്നും ഉണ്ടാകാറില്ല. അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വിനോദസഞ്ചാരികളെയാണ് ട്രക്കിങ് ജീപ്പുകൾ ഓഫ് റോഡുകളിലൂടെ സവാരിക്ക് കൊണ്ടുപോകുന്നത്. അപകടങ്ങളിൽ പരിക്കേറ്റ സഞ്ചാരികൾ പിന്നീട് ഓൺലൈൻ വഴി മോട്ടോർവാഹന വകുപ്പിൽ പരാതി നൽകാറുണ്ടെങ്കിലും അപ്പോഴേക്കും വാഹനാപകടത്തിന്റെ തെളിവുകൾ എല്ലാം നശിപ്പിച്ചിരിക്കും. ഒഫ് റോഡ് സവാരിക്ക് പോകുന്ന ജീപ്പുകൾക്ക് നിയന്ത്രണങ്ങളും കർശന സുരക്ഷാ മാനദണ്ഡങ്ങളും നിശ്ചയിക്കണമെന്നാണ് നാട്ടുകാരുടെയും ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവരുടെയും ആവശ്യം.
പഴയ ജീപ്പുകൾ,
പുതിയ ഡ്രൈവർമാർ
കാലാവധി കഴിഞ്ഞ പഴയ ജീപ്പുകൾ പെയിന്റ് അടിച്ച് പുതുതാക്കിയാണ് ട്രക്കിങ്ങിനായി ഉപയോഗിക്കുന്നത്. ഇവയിൽ മിക്കവയുടെയും യന്ത്ര ഭാഗങ്ങളുടെ അവസ്ഥ പരിതാപകരമാണ്. അതിനാൽ തന്നെ ഇവ ഉയർത്തുന്ന അപകട ഭീഷണി വലുതാണ്. നിരവധി അപകടങ്ങളാണ് മൂന്നാർ വിനോദ സഞ്ചാര മേഖലയിൽ ട്രക്കിങ് ജീപ്പുകൾ ഉണ്ടാക്കിയിട്ടുള്ളത്. സഞ്ചാരികൾക്ക് സാഹസികത തോന്നുന്നതിനായി കുണ്ടും കുഴിയും കയറ്റവും ഇറക്കവും നിറഞ്ഞ വഴികളിലുടെ അമിവേഗതയിൽ അപകടകരമായി പോവുന്ന ഇവയുടെ നിയന്ത്രണം നഷ്ടപ്പെടുന്നതും പതിവാണ്. ഡ്രൈവിങിൽ യാതൊരു മുൻപരിയവുമില്ലാത്ത ചെറുപ്പക്കാരാണ് ട്രക്കിങ് വാഹനങ്ങളിൽ ഭൂരിഭാഗവും ഓടിക്കുന്നത്. ട്രക്കിങ്ങിന് ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് പെർമിറ്റ് നിർബന്ധമാണെന്നിരിക്കെ ഇവയിൽ പലതിനും നമ്പർപ്ലേറ്റ് പോലുമില്ല. അതിനാൽ തന്നെ അപകടങ്ങൾ സംഭവിക്കുമ്പോൾ സഞ്ചാരികൾക്ക് ഇൻഷുറൻസ് പരിരക്ഷ പോലും ലഭിക്കില്ല. അമിതകൂലി വാങ്ങുന്നതിനാൽ തന്നെ ആയിരക്കണക്കിന് ജീപ്പുകളാണ് ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ട്രക്കിങ് നടത്തുന്നത്.
വേണം നടപടി
അനധികൃതമായി ട്രക്കിങ് നടത്തുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിന് മോട്ടോർ വാഹന വകുപ്പ് പലതവണ പരിശ്രമിച്ചിരുന്നു. എന്നാൽ ജില്ലാ ഭരണകൂടത്തിന്റെയും മറ്റു വകുപ്പ് ഉദ്യോഗസ്ഥരുടെയും പരിപൂർണ സഹകരണം ലഭിക്കാതെ വന്നതോടെ ഈ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. ഓഫ് റോഡ് സവാരിക്കായി സഞ്ചാരികളെ കൊണ്ടു പോകുന്ന ട്രക്കിങ് ജീപ്പ് ഡ്രൈവർമാർ മോശമായി പെരുമാറുന്നുവെന്ന പരാതികളും ഉണ്ടായിട്ടുണ്ട്. സഞ്ചാരികളെ ആകർഷിക്കുന്ന ട്രക്കിങ് വാഹനങ്ങൾ ഓടുന്നത് യാതൊരു വിധ മാനദണ്ഡങ്ങളുമില്ലാതെയാണ്. അമിത വേഗതയിൽ പായുന്ന ഇവ മറ്റു വാഹനങ്ങൾക്കും കാൽനടക്കാർക്കും ഒരേ പോലെ ഭീഷണി ഉയർത്തുന്നുണ്ട്.