adaleth3

ഇടുക്കി: ജില്ലാ ഭൂമി തരംമാറ്റം അദാലത്തിൽ 375 ഭൂമി തരം മാറ്റൽ ഉത്തരവുകൾ വിതരണം ചെയ്തു. കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം ഭേദഗതി പ്രകാരം ഭൂമിയുടെ തരംമാറ്റത്തിന് ഫോം 6 പ്രകാരം ഓൺലൈനായി നൽകിയ അപേക്ഷകളിൽ തരംമാറ്റത്തിന് അർഹമായ 25 സെന്റിൽ താഴെ ഭൂമിയുള്ള അപേക്ഷകളിലാണ് സൗജന്യ തരം മാറ്റം നടത്തി ഉത്തരവ് നൽകിയത്.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച അദാലത്ത് ജില്ലാ കളക്ടർ ഷീബാ ജോർജ് ഉദ്ഘാടനം ചെയ്തു. നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കുന്നതിനാണ് നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമമുണ്ടാക്കിയതെന്നും ജലദൗർലഭ്യം അടക്കം നേരിടുന്ന പശ്ചാത്തലത്തിൽ നിയമത്തിന്റെ ആവശ്യകത എല്ലാവരും മനസ്സിലാക്കണമെന്നും കളക്ടർ പറഞ്ഞു.
ജില്ലയിലെ 100 ശതമാനം അപേക്ഷകളും തീർപ്പാക്കാൻ ഊർജ്ജസ്വലമായി പ്രവർത്തിച്ച വില്ലേജ് ഓഫീസ് ജീവനക്കാർ മുതൽ സബ് കളക്ടർവരെയുള്ളവരുടെ കൂട്ടായ പ്രവർത്തനത്തെ അഭിനന്ദിക്കുന്നതായും കളക്ടർ പറഞ്ഞു. ചടങ്ങിൽ വെസിബി ജോർജ്, സെലിൻ ജോസഫ്, ജോർജ് സി കെ, കെ മുരളീധരൻ, തോമസ് മാത്യു, ജോബി ടി ചാക്കോ, സാജൻ ജി പുന്നക്കൽ, മാത്യു വർഗീസ് എന്നിവർക്ക് ജില്ലാ കളക്ടർ തരംമാറ്റ ഉത്തരവ് കൈമാറി.
ഇടുക്കി, ദേവികുളം ആർ ഡി ഓഫീസുകളിൽ വസ്തുവിന്റെ തരം മാറ്റത്തിന് അപേക്ഷിച്ചവർക്കുള്ള ഉത്തരവ് നടപടിക്രമമാണ് വിതരണം ചെയ്തത്. ഇടുക്കിയിൽ നിന്നുള്ള 340 അപേക്ഷകളിലും ദേവികുളത്തെ 35 അപേക്ഷകളിലുമാണ് തീർപ്പു കൽപ്പിച്ചത്,
പരിപാടിയിൽ സബ് കളക്ടർമാരായ അരുൺ എസ് നായർ, വി.എം. ജയകൃഷ്ണൺ, ഡെപ്യൂട്ടി.കളക്ടർമാരായ മനോജ് കെ, ദീപ കെ പി, ജോളി ജോസഫ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.