നെടുങ്കണ്ടം: തൂക്കുപാലത്ത് കക്കൂസ് മാലിന്യവുമായി എത്തിയ ടാങ്കർ ലോറി തകരാറിലായതിനെത്തുടർന്ന് ബെവ്‌കോ ഔട്‌ലെറ്റും വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടു. ഇന്നലെ രാവിലെയാണ് സംഭവം. തൂക്കുപാലത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലെ കക്കൂസ് മാലിന്യം ടാങ്കർ ലോറിയിൽ കൊണ്ടുപോകുന്നതിനിടെ ടൗണിൽ വച്ച് വാഹനം കേടാകുകയായിരുന്നു. ഏറെ തിരക്കേറിയ നെടുങ്കണ്ടം രാമക്കൽമേട് റൂട്ടിൽ തൂക്കുപാലം ടൗണിന്റെ ഒത്ത നടുക്കാണ് വാഹനം കേടായത്. ടാങ്കറിൽ നിന്ന് മാലിന്യങ്ങൾ ചോരാൻ തുടങ്ങിയതോടെ ഇവ ടൗണിലൂടെ ഒഴുകുകയും ചെയ്തു. പ്രദേശത്ത് ദുർഗന്ധം വ്യാപകമായതോടെ ആരോഗ്യവകുപ്പ് അധികൃതർ സ്ഥലത്തെത്തുകയും സമീപത്തെ വ്യാപാര സ്ഥാപനങ്ങളും ബീവറേജസ് ഔട്‌ലെറ്റും അടപ്പിക്കുകയായിരുന്നു. ഇതുവഴിയുള്ള കാൽനടയാത്രയും ഏറെ നേരം നിശ്ചലമായി. പിന്നീട് വാഹനം മാറ്റിയ ശേഷമാണ് കടകൾ തുറക്കാനായത്.