കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് എം.സി. ബൈജു സെക്രട്ടറിക്കൊപ്പമാണ് സന്ദർശിച്ചതെന്നും മുല്ലപ്പെരിയാറ്റിലെ കെട്ടിട ടാക്‌സ് സംബന്ധമായാണ് സന്ദർശനമെന്നും മറിച്ചുള്ള ആരോപണങ്ങളും ജൂനിയർ സൂപ്രണ്ടിനെതിരെയുള്ള നടപടിയും തെറ്റാണെന്നും യു.ഡി.എഫ് അംഗങ്ങൾ. ട്രീറ്റ്‌മെന്റ് പ്ളാന്റ് കുമളിയിൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് സെക്രട്ടറിയുടെ അനുമതിയോടെയാണ് തമിഴ്‌നാട് പൊതുമരാമത്ത് ഉദ്യോഗസ്ഥർ പഞ്ചായത്ത് കമ്മറ്റിയിലെത്തിയത്. ബഡ് സ്‌കൂൾ വാഹനങ്ങളടക്കമുള്ളവയുടെ കസ്റ്റോഡിയൻ സെക്രട്ടറിയാണെന്നിരിക്കെ വാഹന കുടിശിക കുറ്റം ശരിയല്ല. വിവരാവകാശനിയമപ്രകാരമുള്ള ഒരു അപേക്ഷ നടപടിക്കായി സെക്രട്ടറിക്ക് നിയമപ്രകാരം കൈമാറുകയാണ് ജൂനിയർ സൂപ്രണ്ട് ചെയ്തതെന്നും പഞ്ചായത്തുമായി കേസുള്ള രണ്ട് സ്ഥാപനങ്ങളിലെ ടാക്‌സ് കുടിശിക പ്രശ്‌നം ജൂനിയർ സൂപ്രണ്ടിന്റെ തലയിൽ കെട്ടിവയ്കുകയാണെന്നും ഇത് സംബന്ധിച്ച് വിയോജന കുറിപ്പ് രേഖപ്പെടുത്തിയതായും യു.ഡി.എഫ് അംഗങ്ങളായ റോബിൻ കാരക്കാട്ട്, ഷൈലു ഹൈദ്രോസ്, മണിമേഖല, ജയമോൾ മനോജ്, എം.എൽ. സുലു മോൾ, എം. വർഗീസ് എന്നിവർ അറിയിച്ചു. ജൂനിയർ സൂപ്രണ്ട് തനിച്ച് തമിഴ്‌നാട് ഉദ്യോഗസ്ഥരോടൊപ്പം മുല്ലപ്പെരിയാർ സന്ദർശിച്ചതടക്കമുള്ള ആരോപണങ്ങളുടെ പേരിൽ ജൂനിയർ സൂപ്രണ്ടിനെ ഭരണസമിതി കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു.