road
വലിയപാറ റോഡ്

കുമളി: യാത്രായോഗ്യമായ റോഡ് ഇല്ലാതെ വർഷങ്ങളായി ദുരിതത്തിൽ കഴിയുകയാണ് ചക്കുപള്ളം പഞ്ചായത്തിൽ വലിയപാറ മേഖലയിലെ ഇരുപത്തിയഞ്ച് കുടുംബങ്ങൾ. വലിയപാറ തുരുത്തിപ്പടി കമ്പനിപ്പടി റോഡാണ് പൂർണ്ണമായും തകർന്ന് കാൽനടയാത്ര പോലും കഴിയാത്ത സ്ഥിതിയിൽ ഉള്ളത്. ചക്കുപള്ളം പഞ്ചായത്ത് 11-ാം വാർഡിൽ ഉൾപ്പെട്ട തുരുത്തിപ്പടി കമ്പനിപ്പടി റോഡിന് 60 വർഷത്തിലധികം പഴക്കമുണ്ട്. മാറിവരുന്ന ത്രിതല പഞ്ചായത്തുകൾ തുടർന്നു വന്ന കടുത്ത അവഗണനയാണ് റോഡ് പൂർണമായും തകർന്ന അവസ്ഥയിൽ എത്താൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. മൺറോഡ് മഴക്കാലത്ത് പൂർണമായും ചെളിയിൽ മുങ്ങുന്നതിനാൽ സ്‌കൂളിലേക്കുള്ള യാത്ര ദുരിതപൂർണ്ണമാണെന്ന് സ്‌കൂൾ കുട്ടികൾ ചൂണ്ടിക്കാട്ടുന്നു. ചെളിയും പൊടിമണ്ണും നിറഞ്ഞ റോഡിൽ ഇരുചക്ര വാഹനങ്ങളുമായി എത്തുന്നവർ വീണ് പരിക്കേൽക്കുന്നത് നിത്യ സംഭവമാണ്. കൂടാതെ യാത്രായോഗ്യമായ റോഡ് ഇല്ലാത്തതുമൂലം പ്രായമായ ആളുകളും രോഗികളും ഉൾപ്പെടെ ഏറെ ബുദ്ധിമുട്ട് നേരിടുകയാണ്. മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ അനുവദിച്ച ഫണ്ടിൽ നിന്ന് റോഡിന്റെ 40 മീറ്ററോളം ഭാഗം കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. 200 മീറ്ററോളം ഭാഗമാണ് കാൽനടയാത്ര പോലും സാധ്യമല്ലാത്ത തരത്തിൽ പൂർണമായും തകർന്നു കിടക്കുന്നത്. എത്രയും വേഗം റോഡ് യാത്ര യോഗ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത് അധികൃതർ തയ്യാറായില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി. ത്രിതല പഞ്ചായത്ത് അധികാരികളുടെ അവഗണനയ്ക്കെതിരെ റോഡ് ഉപരോധവും പഞ്ചായത്ത് ഓഫീസ് പടിക്കലേക്ക് ധർണയും അടക്കമുള്ള സമര പരിപാടികൾ നടത്താനാണ് പ്രദേശവാസികളുടെ തീരുമാനം.