നെടുങ്കണ്ടം: കോൺഗ്രസ് അംഗത്തിന്റെ പിന്തുണയിൽ എൽ.ഡി.എഫ് അവിശ്വാസം പാസായതോടെ, കരുണാപുരം പഞ്ചായത്തിൽ യു.ഡി.എഫിന് ഭരണം നഷ്ടമായി. കോൺഗ്രസ് അംഗമായ 12-ാം വാർഡ് മെമ്പർ ശോഭനാമ്മ ഗോപിനാഥാണ് പ്രസിഡന്റ് മിനി പ്രിൻസിനെതിരെയും വൈസ് പ്രസിഡന്റ് പി.ആർ. ബിനുവിനെതിരെയും എൽ.ഡി.എഫ് അവതരിപ്പിച്ച അവിശ്വാസത്തെ പിന്തുണച്ചത്. ശോഭനാമ്മ ഒഴികെയുള്ള യു.ഡി.എഫ് അംഗങ്ങളും എൻ.ഡിഎ അംഗവും അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് വിട്ടുനിന്നു. യു.ഡി.എഫിനും എൽ.ഡി.എഫിനും എട്ട് വീതം അംഗങ്ങളുള്ള ഭരണസമിതിയിൽ ഒരു എൻ.ഡി.എ അംഗത്തിന്റെ പിന്തുണയോടെ യു.ഡി.എഫാണ് പഞ്ചായത്ത് ഭരിച്ചിരുന്നത്. കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന് ശേഷം ഇത് നാലാം തവണയാണ് കരുണാപുരത്ത് അവിശ്വാസം അരങ്ങേറുന്നത്. തുടക്കത്തിൽ എൻ.ഡി.എ അംഗം ഒരു മുന്നണിയെയും പിന്തുണയ്ക്കാതിരുന്നതിനാൽ നറുക്കെടുപ്പിലൂടെ ഭരണം എൽ.ഡി.എഫിൽ എത്തുകയായിരുന്നു. പിന്നീട് എൻ.ഡി.എ അംഗത്തിന്റെ പിന്തുണയോടെ യു.ഡി.എഫ് ഭരണം പിടിച്ചെടുത്തു. കോൺഗ്രസിലെ മിനി പ്രിൻസ് പ്രസിഡന്റായും എൻ.ഡി.എ അംഗം പി.ആർ. ബിനു വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപെട്ടു. വീണ്ടും എൽ.ഡി.എഫ് അവിശ്വാസം നൽകിയെങ്കിലും ചർച്ചയിൽ നിന്ന് യു.ഡി.എഫ് അംഗങ്ങളും എൻ.ഡി.എ അംഗവും വിട്ടു നിന്നതിനാൽ, ക്വാറം തികയത്തതിനാൽ അന്ന് ചർച്ചയ്‌ക്കെടുക്കാൻ സാധിച്ചില്ല. തുടർന്നാണ്, ഇത്തവണ വീണ്ടും എൽ.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകുകയും കോൺഗ്രസ് അംഗത്തിന്റെ പിന്തുണയോടെ ഭരണം പിടിച്ചെടുക്കുകയും ചെയ്തത്. കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിലെ പടല പിണക്കങ്ങളാണ് ശോഭനാമ്മ എൽ.ഡി.എഫിനെ പിന്തുണയ്ക്കാൻ കാരണം.