ചെറുതോണി: കൈയേറ്റം കൈയോടെ പിടിക്കപ്പെട്ട് പൊയ്മുഖം അഴിഞ്ഞുവീണ മാത്യു കുഴൽനാടന്റെ കൈവശമുള്ള സർക്കാർ ഭൂമി തിരിച്ചുപിടിച്ച് ഭൂരഹിതർക്ക് നൽകണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് പറഞ്ഞു. പെരുകള്ളത്തരത്തിന്റെ ആൾരൂപമായ മാത്യു കുഴൽനാടന്റെ മുഖമാണ് ഭൂമി കൈയേറ്റത്തിലൂടെ പുറത്തുവന്നത്. മൂന്നോ നാലോ വർഷംകൊണ്ട് 35 കോടി രൂപയുടെ ആസ്തിയിലേക്കുയർന്ന കോൺഗ്രസ് നേതാവായ കുഴൽനാടൻ പിടിക്കപ്പെട്ടത് തുടക്കം മാത്രമാണ്. വൻഭൂമി കൈയേറ്റം നടത്തിയിട്ടുള്ള കോൺഗ്രസ് നേതാക്കൾ ഇനിയുമുണ്ട്. അവരും പിടിക്കപ്പെടും. കൈയേറ്റം പിടിക്കപ്പെടുമെന്ന് ഭയന്നാണ് കുഴൽനാടൻ ഭൂനിയമ ഭേദമതി ബില്ലിനെതിരെ നിയമസഭയിൽ രംഗത്തുവന്നത്. ഇടുക്കിയിലെ ഭൂമിപ്രശ്‌നങ്ങൾ സങ്കീർണമാക്കിയതും കോടതി വ്യവഹാരങ്ങളിൽ തള്ളിയിട്ടതും മാത്യു കുഴനാടൻ എന്ന ഭൂമി കൈയേറ്റക്കാരാനാണ്. അടൂർ പ്രകാശ് റവന്യൂ മന്ത്രിയായിരിക്കെ മൂന്നാറിൽ ഏർപ്പെടുത്തിയ നിർമ്മാണ നിയന്ത്രണം ജില്ലയിലാകെയും പിന്നീട് കേരളത്തിലുടനീളവും വ്യാപിക്കാൻ കോടതിയിൽ പോയത് കുഴൽനാടനാണ്. കോൺഗ്രസ് നേതാവ് ചിദംബരത്തെ കൂട്ടുപിടിച്ച് സുപ്രീംകോടതി വരെ ഇടുക്കിയിലെ ജനങ്ങൾക്കെതിരായി കുഴൽനാടൻ കേസ് നടത്തി. നികുതി വെട്ടിച്ചും സർക്കാർ ഭൂമി കൈയേറിയും കേരള ജനതയെ വഞ്ചിച്ച കുഴൽനാടൻ നിയമസഭയ്ക്ക് അപമാനമാണ്. നാണക്കേടിനിടയിലും പരസ്യമുണ്ടാക്കാൻ റിസോർട്ടിൽ പത്രസമ്മേളനം നടത്തുകയാണ് കുഴൽനാടൻ. മതിൽകെട്ടി വന്നപ്പോൾ അരയേക്കർ സർക്കാർ സ്ഥലം മതിലിനകത്തുവന്നുപോയതാണെന്ന കുഴൽനാടന്റെ വിചിത്ര വാദം 2024ലെ പുതിയ തമാശയാണ്. നടന്ന കള്ളത്തരം പിടിക്കപ്പെടാതിരിക്കാൻ ജനകീയ അംഗീകാരമുള്ളവർക്കെതിരെ പുലഭ്യം പറഞ്ഞുനടക്കുന്ന ചില മാടമ്പികളുടെ വികൃതമുഖമാണ് കുഴൽനാടന് ചേരുന്നത്. കുടിയേറ്റ മണ്ണിൽ അന്തസായി ജീവിക്കാൻ കഷ്ടപ്പെടുന്ന 12 ലക്ഷം മനുഷ്യരുടെ സ്വതന്ത്രമായ ഭൂവിനിയോഗ സ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ കത്തിവെക്കാൻ ഇറങ്ങിപുറപ്പെട്ട ഭൂമാഫിയായുടെ പിണിയാളാണ് കുഴൽനാടനെന്നും സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് പറഞ്ഞു.