ഇടുക്കി: എല്ലാവർക്കും തുല്യനീതി വിഭാവനം ചെയ്യുന്ന നമ്മുടെ ഭരണഘടനയുടെ അന്തസത്തയെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ പേരാടാനുള്ള ഉത്തരവാദിത്തം എല്ലാവരിലും നിക്ഷിപ്തമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഇടുക്കി ഐ.ഡി.എ മൈതാനത്ത് 75-ാമത് റിപ്പബ്ലിക് ദിനാഘോഷ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിയുടെയും മതത്തിന്റെയും ഗോത്രത്തിന്റെയും പേരിൽ നാട് വിഭജിക്കപ്പെടുമ്പോൾ കൈയുംകെട്ടി നോക്കിനിൽക്കാനാവില്ല. നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളിലൊന്നായ ഫെഡറിസത്തെ പോലും വെല്ലുവിളിക്കുന്ന നീക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിർത്താനുള്ള പോരാട്ടത്തിൽ ഛിദ്രശക്തികൾക്കെതിരെ നിലപാടെടുക്കാനും മുന്നിട്ടിറങ്ങാനും രാജ്യത്തിന്റെ ഭരണഘടനയിൽ വിശ്വസിച്ച് അർപ്പിത മനോഭാവത്തോടെ മന്നോട്ടുപോകാനും എല്ലാവർക്കും സാധിക്കണമെന്ന് മന്ത്രി പറഞ്ഞു. റിപ്പബ്ലിക് ദിന പരേഡ് ചടങ്ങുകൾ രാവിലെ ഒമ്പതിന് ആരംഭിച്ചു. മുഖ്യാതിഥിയായ മന്ത്രി റോഷി അഗസ്റ്റിനെ ജില്ലാ കളക്ടർ ഷീബാ ജോർജും ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപും ചേർന്ന് സ്വീകരിച്ചു. തുടർന്ന് മന്ത്രി റോഷി അഗസ്റ്റിൻ ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. ശേഷം പരേഡ് കമാൻഡറോടൊപ്പം പരേഡ് പരിശോധിച്ചു. ഉടുമ്പഞ്ചോല പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടറും പരേഡ് കമാന്ററുമായ വിനോദ് കുമാർ വിയുടെ നേതൃത്വത്തിൽ ബാൻഡ് ഉൾപ്പെടെ 17 പ്ലറ്റുണുകളാണ് പരേഡിൽ അണിനിരന്നത്.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ ആന്റണി, ജില്ലാ പഞ്ചായത്ത് അംഗം കെ.ജി. സത്യൻ, എ.ഡി.എം ഷൈജു പി. ജേക്കബ്, സബ് കളക്ടർ ഡോ. അരുൺ എസ്. നായർ, ത്രിതല പഞ്ചായത്ത് പ്രതിനിധികളായ നിമ്മി ജയൻ, സിജി ചാക്കോ, പ്രഭാ തങ്കച്ചൻ, ഡെപ്യൂട്ടി കളക്ടർ കെ. മനോജ് തുടങ്ങിയവർ പങ്കെടുത്തു.
മികച്ച പ്ലറ്റൂണുകൾക്ക് പുരസ്കാരം
പരേഡിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച പ്ലറ്റൂണുകൾക്ക് മന്ത്രി പുരസ്‌കാരങ്ങൾ നൽകി. ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സ് ഇടുക്കി, എൻ.സി.സി ജൂനിയർ ഡിവിഷൻ വിഭാഗത്തിൽ കുളമാവ് ജവഹർ നവോദയ വിദ്യാലയം, സ്റ്റുഡന്റസ് പൊലീസ് ബോയ്‌സ് വിഭാഗത്തിൽ വാഴത്തോപ്പ് സെന്റ് ജോർജ് സ്‌കൂൾ, ഗേൾസ് വിഭാഗത്തിൽ വാഴത്തോപ്പ് സെന്റ് ജോർജ് സ്‌കൂൾ, പഴയരിക്കണ്ടം ജി.എച്ച്.എസ്.എസ്, ബാൻഡ് വിഭാഗത്തിൽ പൈനാവ് എം.ആർ.എസ്, നങ്കിസിറ്റി എസ്.എൻ.എച്ച്.എസ്.എസ് എന്നിവർക്കാണ് പുരസ്‌കാരങ്ങൾ ലഭിച്ചത്.