പീരുമട്: ഏലപ്പാറ- ഹെലിബറിയ- പൂണ്ടിക്കുളം- മ്ലാമല റോഡ് നിർമ്മാണം നിറുത്തിവെച്ച നടപടിയിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തം. തുടർ പ്രവർത്തനങ്ങൾ ആലോചിക്കാൻ ചേർന്ന സർവ്വകക്ഷി യോഗത്തിൽ ജില്ലാ കളക്ടറെയും ജനപ്രതിനിധികളെയും പ്രശ്‌നത്തിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്തി പരിഹാരം കണ്ടെത്താൻ തീരുമാനിച്ചു. പ്രതിഷേധങ്ങൾക്കും നിരാഹാര സമരങ്ങൾക്കും ഒടുവിലാണ് റോഡ് നിർമ്മാണത്തിന് ഹെലിബറിയ തോട്ടം മാനേജ്മെന്റിന്റെ അനുമതി ലഭിച്ചത്. തുടർന്നാണ് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. തോട്ടം മേഖലയിലൂടെ കടന്നുപോകുന്ന റോഡ് വർഷങ്ങളായി ഗതാഗത യോഗ്യമല്ലാതെ കിടക്കുകയായിരുന്നു. തുടർന്ന് ഡീൻ കുര്യാക്കോസ് എം.പി പി.എം.ജി.എസ്.വൈ പദ്ധതിയിൽ റോഡിനെ ഉൾപ്പെടുത്തി നിർമ്മാണ പ്രവത്തനങ്ങൾ തുടങ്ങി. മണ്ണ് പണികൾ കലുങ്ക് സംരക്ഷണ ഭിത്തികൾ എന്നിവയുടെ നിർമ്മാണം അവസാന ഘട്ടത്തിൽ എത്തിയ വേളയിലാണ് അസി. എക്സിക്യൂട്ടീവ് എൻജനിയർ നിർമ്മാണം നിറുത്തിവയ്ക്കാൻ നിർദ്ദേശം നൽകിയത്. തോട്ടം മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിർമ്മാണം നിറുത്താൻ നിർദ്ദേശം ലഭിച്ചതെന്ന വശദീകരണമാണ് ലഭിച്ചതെന്ന് സമരസമിതി പറഞ്ഞു. റോഡ് നിർമ്മാണം നിലച്ചതോടെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. തുടർന്ന് റോഡ് നിർമ്മാണം പുനരാരംഭിക്കാൻ വേണ്ട നടപടികൾക്കായി ഹെലിബറിയായിൽ സർവ്വകക്ഷി യോഗവും ചേർന്നു. റോഡുമായി ബന്ധപ്പെട്ട് കിടക്കുന്ന മേഖലയിലെ മുഴുവൻ ആളുകളെയും ഉൾപ്പെടുത്തിയാണ് യോഗം ചേർന്നത്. ഇതിനിടെ തോട്ടം മാനേജ്മെന്റ് തോട്ടത്തിലെ പണികൾ മുന്നറിയിപ്പില്ലാതെ നിറുത്തുന്നത് തൊഴിലാളികളെയും സമരസമിതിയെയും തമ്മിൽ ഭിന്നിപ്പിക്കാനുള്ള ഗൂഡ ശ്രമമാണെന്നും സമരസമിതി പറഞ്ഞു. അടുത്ത ദിവസം പീരുമേട് തഹസീൽദാരുടെ നേതൃത്വത്തിൽ സ്ഥലം പരിശോധിക്കാൻ എത്തുന്നുണ്ട്.