ഇടുക്കി: ജില്ലയിൽ ജനിച്ചു വളർന്നതും തമിഴ് ഭാഷ ന്യൂനപക്ഷങ്ങളുമായ പട്ടികജാതി വിഭാഗക്കാർക്ക് ജാതി സർട്ടിഫിക്കറ്റ് നിഷേധിക്കുന്ന സർക്കാർ സമീപനം തിരുത്തണമെന്ന് സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗീകരിച്ച പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. നിലവിൽ എസ്.സി വിഭാഗത്തിൽപ്പെട്ടവർക്ക് 50 വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ താമസിച്ചിരുന്നവരാണെന്ന അച്ഛനമ്മമാരുടെ സർട്ടിഫിക്കറ്റിന് പുറമേ അവരുടെയും അച്ഛനമ്മമാരുടെ സർട്ടിഫിക്കറ്റ് വേണം എന്ന നിലപാടാണ് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്. കേരളത്തിലെ എസ്.സി മാതാപിതാക്കൾക്ക് ജനിച്ചു വളർന്നവർക്ക് അർഹമായ സർട്ടിഫിക്കറ്റ് നിഷേധിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. മുമ്പ് ഈ വിഷയത്തിൽ സർട്ടിഫിക്കറ്റ് നൽകാതിരുന്ന സാഹചര്യത്തിൽ അന്നത്തെ എൽ.ഡി.എഫ് സർക്കാർ മുൻകൈയെടുത്ത് സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റ് നൽകുന്ന രീതിയുണ്ടായിരുന്നു. ഇത് പുനഃസ്ഥാപിക്കണം. കുട്ടികളുടെ വിദ്യാഭ്യാസം, ജോലി, മറ്റു സർക്കാർ ആനുകൂല്യങ്ങൾക്ക്, കാലതാമസവും തടസ്സവും നേരിടാതെ എസ്.സി സർട്ടിഫിക്കറ്റ് നൽകാനുള്ള നടപടിക്രമങ്ങൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു. ഈ വിഷയം എത്രയും വേഗം പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകുമെന്നും വിഷയം ബന്ധപ്പെട്ട മന്ത്രിമാരെയും മുഖ്യമന്ത്രിയെയും ബോധിപ്പിക്കുമെന്നും ജില്ലാ സെക്രട്ടറി കെ. സലിംകുമാർ പറഞ്ഞു. യോഗത്തിൽ ജോസ് ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. കെ.കെ. ശിവരാമൻ, പ്രിൻസ് മാത്യു, പി. പഴനിവേൽ, വി.കെ. ധനപാൽ, ജയാ മധു, എം.വൈ. ഔസേപ്പ്, എം.കെ. പ്രിയൻ, പി. മുത്തുപ്പാണ്ടി എന്നിവർ പങ്കെടുത്തു.