ഇടുക്കി: ശാന്തൻപാറയിലെ സി.പി.എം ഓഫീസ് നിർമ്മാണത്തിന് എൻ.ഒ.സി നിഷേധിച്ചതിൽ വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ്. സി.പി.എം ഭൂമി കൈയേറി എന്നത് രാഷ്ട്രീയമായ ആക്രമണമാണ്. ഭൂമി കൈയേറിയിട്ടില്ല. നിയമപരമായും രാഷ്ട്രീയമായും വിഷയത്തെ നേരിടും. മാത്യു കുഴൽനാടന്റെ കൈയേറ്റം ന്യായീകരിക്കാൻ ഉയർത്തിക്കൊണ്ടുവന്ന വിവാദമാണിത്. റോഡ് വികസനത്തിനായി പൊളിച്ചുകൊടുത്ത പാർട്ടി ഓഫീസ് പുനർനിർമിക്കുകയാണ് ചെയ്യുന്നത്. ഇത് കോടതിയെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. സി.പി.എം ഓഫീസ് മാത്രമല്ല ജില്ലയിലെ നിരവധി നിർമ്മാണങ്ങൾ ഇപ്പോൾ നിയമവിരുദ്ധമാണ്. ഭൂനിയമഭേദഗതി നിലവിൽ വരുന്നതോടെ ഈ പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്നും സി.വി വർഗീസ് പറഞ്ഞു.