പീരുമേട്: ഈ വർഷത്തെ സ്വദേശ് സമ്മാൻ ദേശീയ അവാർഡ് മനുഷ്യാവകാശ പ്രവർത്തകനും പീരുമേട് പോസ്റ്റ് മാസ്റ്ററുമായ ഡോ. ഗിന്നസ് മാടസാമിക്ക് ലഭിച്ചു. മഹാരാഷ്ട്ര സർക്കാരിന്റെ അംഗീകാരം ലഭിച്ച ഹോപ്പ് ഇന്റർനാഷണൽ വേൾഡ് റെക്കോർഡാണ് അവാർഡ് ഇ- മെയിൽ മുഖേന റിപ്പബ്ലിക് ദിനത്തിൽ കൈമാറിയത്. തപാൽ വകുപ്പിലെ ജീവനക്കാരനും അന്താരാഷ്ട്ര സമാധാന സംഘടനയുടെ ഇന്ത്യയിലെ ഏക വ്യക്തിഗത അംഗവും കൂടിയായ ഡോ. ഗിന്നസ് മാടസാമി കഴിഞ്ഞ 13 വർഷമായി ലോക സമാധാനത്തിന് വേണ്ടി വേറിട്ട വഴികളിലൂടെ വ്യത്യസ്ത പ്രവർത്തനങ്ങളാണ് നടത്തുന്നത്. ജോലിയോടപ്പം ഇരുപതോളം വരുന്ന അന്താരാഷ്ട്ര സമാധാന സംഘടനകളുടെ അംഗമാകുകയും മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശബ്ദം ഉയർത്തി പരിഹാരം കാണുകയും ചെയ്തത് പരിഗണിച്ചാണ് അവാർഡ്. സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് വേണ്ടി ശുപാർശ നൽകുന്ന അമേരിക്കൻ ഫ്രണ്ട്‌സ് സർവീസ് കമ്മിറ്റിയുടെ ശ്രദ്ധേയമായ സ്ഥാനാർത്ഥിയായി 2013 മുതൽ മാടസാമി സംഘടനയുടെ പട്ടികയിൽ തുടരുകയാണ്. ഗിന്നസ് ലോക റെക്കാഡ്, ഇന്ത്യൻ ബുക്ക് ഓഫ് റെക്കാഡിന്റെ ഇന്ത്യൻ എക്‌സെലൻസി അവാർഡ്, ഇന്ത്യൻ ഹ്യൂമാനിറ്റേറിയൻ അവാർഡ്, ലിംകാ ബുക്ക് ഓഫ് റെക്കാഡ്‌സ്, കേന്ദ്ര സർക്കാരിന്റെ മൈ ഗവ് ചേഞ്ച് മേക്കർ അവാർഡ്, ഏഷ്യൻ ബുക്ക് ഓഫ് റെക്കാഡ്‌സ്, ഏഷ്യ പീസ് പ്രൈസ്, ബി.ആർ അംബേദ്കർ നാഷണൽ ഫെല്ലോഷിപ്പ്, യൂണിവേഴ്‌സൽ റെക്കാഡ് ഫോറത്തിന്റെ നാഷണൽ റെക്കാഡ് എന്നിവ ഉൾപ്പെടെ ഇരുന്നൂറോളം അംഗീകാരങ്ങൾ ഇതിനോടകം ഗിന്നസ് മാടസാമി നേടിയിട്ടുണ്ട്.