തൊടുപുഴ: പ്രളയത്തിൽ തകർന്ന മൂന്നാർ ഗവ.കോളജിന് പുതിയ കെട്ടിടം നിർമിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ.എസ് .യു സംസ്ഥാന ജനറൽ സെക്രട്ടറി അസ്‌ലം ഓലിക്കൽ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഡി.ടി.പിസിയുടെ ബജറ്റ് ഹോട്ടലിലാണ് നിലവിൽ കോളജ് പ്രവർത്തിക്കുന്നത്.കോളജിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇവിടെയില്ല. പുതിയ കെട്ടിടം നിർമിക്കാൻ സ്ഥലം കണ്ടെത്തി നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. ഒരുമാസം മുമ്പ് കോളജ് കെട്ടിടം നിർമിക്കുന്നതിനായി മണ്ണ് പരിശോധന നടത്തിയെന്നാണ് അധികൃതർ പറയുന്നത്. പുതിയ കെട്ടിടം നിർമിക്കുന്നതിന് കാലതാമസം നേരിടമ്പോൾ എസ്എഫ്‌ഐയും എഐഎസ്എഫും സമരം നടത്തി വിദ്യാർഥികളെ തെറ്റിധരിപ്പിക്കുകയാണ്. യുഡിഎഫ് സർക്കാരിന്റെ കാലയളവിൽ 1995ലാണ് കോളജ് ആരംഭിക്കുന്നത്. ഈ കോളജാണ് പ്രളയത്തിൽ തകർന്നത്. മതിയായ സൗകര്യത്തോടെ പുതിയ സ്ഥലത്ത് എത്രയും വേഗത്തിൽ കോളജിന് കെട്ടിടം നിർമിച്ചില്ലെങ്കിൽ സമരപരിപാടികൾ ശക്തമാക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. പത്രസമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി റെമീസ് കൂരാപ്പിള്ളി, കെ.എസ്.യു നേതാക്കളായ എ.ഹാരിസ്, അസ്‌ലം അഷറഫ് എന്നിവരും പങ്കെടുത്തു.