തൊടുപുഴ: സംസ്ഥാനത്തെ സർക്കാർ കരാറുകാർ നിർമാണ പ്രവർത്തനങ്ങളുടെ ബില്ലുകൾ മാറികിട്ടാത്തതുമൂലം പ്രതിസന്ധിയിലായിരിക്കുകയാണെന്ന് ഓൾകേരള ഗവ.കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒമ്പതു മാസമായി ബില്ലുകൾ മാറികിട്ടുന്നില്ല. തദ്ദേശസ്ഥാപനങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നവരിൽ ഭൂരിഭാഗവും ചെറുകിട കരാറുകാരാണ്. ഇതിനു പുറമെ കല്ല്, മണൽ, മെറ്റൽ തുടങ്ങിയവ ലഭിക്കാത്തതുമൂലം നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനും താമസം നേരിടുകയാണ്. കരാർ മേഖലയിലെ കരി നിയമങ്ങൾ അവസാനിപ്പിക്കുക, കരാർ ലൈസൻസ് പുതുക്കുന്നതിലെ അന്യായമായ സെക്യൂരിറ്റി ഫീസ് പിൻവലിക്കുക. പി.ഡബ്ല്യുഡി, എൽ.എസ്.ജി.ഡി, ജലസേചന മേഖലയിലെ കുടിശിക ബില്ലുകൾ ഉടൻ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഇടുക്കിയിൽ അസോസിയേഷന്റെ നേതൃത്വത്തിൽ സമരം നടത്തുമെന്നും നേതാക്കൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് എം.കെ ഷാജഹാൻ, തൊടുപുഴ താലൂക്ക് പ്രസിഡന്റ് ബോബി ജോസ് എന്നിവർ പങ്കെടുത്തു