തൊടുപുഴ: കാരിക്കോട് പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം. താഴെ പ്രവർത്തിക്കുന്ന കടയും മുകൾ നിലയിലെ ഗോഡൗണും കത്തി നശിച്ചു. അഗ്‌നിരക്ഷാ സേനയുടെ സമയോചിത ഇടപെടൽ കാരണം തീ സമീപത്തെ കടകളിലേക്ക് പടർന്നില്ല. വലിയ അപകടം ഒഴിവായി. 35 ലക്ഷത്തിൽ അധികം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് അഗ്‌നിരക്ഷ സേനയുടെ പ്രഥമിക നിഗമനം. തോപ്പിൽ ടി.എൻ.ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള അമ്പാടി സ്റ്റോഴ്‌സ് എന്ന സ്ഥാപനമാണ് കത്തി നശിച്ചത്.
ഞയാറാഴ്ച പുലർച്ചെയാണ് സംഭവം. സമീപത്തുള്ള ഹോട്ടലിലെ ജീവനക്കാരൻ മൂന്നരയ്ക്ക് സ്ഥലത്തെത്തിയപ്പോഴാണ് കടയിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. ഉടൻ അഗ്‌നിരക്ഷ സേനയെ വിവരമറിയിച്ചു.
തൊടുപുഴയിൽ നിന്നാണ് ആദ്യം സേനയെത്തിയത്. പിന്നീട് കല്ലൂർക്കാട് നിന്നും സംഘം എത്തി. മൂന്ന് അഗ്‌നിരക്ഷ യൂണിറ്റുകൾ രണ്ട് മണിക്കൂർ പണിപ്പെട്ടാണ് തീ അണച്ചത്.
തീപിടിച്ച കടയുടെ സമീപത്ത് 14 കടകളുണ്ട്. ഇതിൽ ഹോട്ടലും ഔഷധക്കടയുമുണ്ട്. ഇവിടെ തീപിടിക്കുന്ന എണ്ണയും കുഴമ്പും പാചക വാതക സിലിൻഡറുമൊക്കെ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഇവിടേക്ക് തീപർന്നെങ്കിൽ അപകടത്തിന്റെ വ്യാപ്തി വർധിദ്ധിക്കുമായിരുന്നു. സമീപത്ത് തന്നെ ജില്ല ആശുപത്രിയും ആയുർവേദാശുപത്രിയുമുണ്ട്.
അഗ്‌നിരക്ഷാ സേന മറ്റ് കടകളിലേക്കും വെള്ളം ഒഴിച്ച് തണുപ്പിച്ചു കൊണ്ടിരുന്നതിനാലാണ് അവിടേക്ക് തീപടരാതിരുന്നത്.
ജില്ല ഫയർ ഓഫീസർ കെ.ആർ.ഷിനോയ്, തൊടുപുഴ സ്‌റ്റേഷൻ ഓഫീസർ അബ്ദുൾ സലാം, കലൂർക്കാട് സ്റ്റേഷനിലെ അസി. സ്റ്റേഷൻ ഓഫീസർ കെ.കെ.ബിനോയ്, സാജൻ വർഗീസ്, നവീൻ ടി.എൻ, ജിനീഷ് കുമാർ, വി.കെ.മനു, എം.പി.ബെന്നി, അബ്ദുൽ നാസർ, ജോർജ് പോൾ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.