തൊടുപുഴ: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും ഇത് പരിഹരിക്കുന്നതിന് സർക്കാർ സ്വീകരിച്ച വഴിവിട്ട നടപടികൾ പ്രാദേശിക വികസനം സ്തംഭിപ്പിച്ചിരിക്കുകയാണെന്നും ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു പറഞ്ഞു. രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സമിതിയുടെ നേതൃത്വത്തിൽ തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ മുന്നിൽ നടന്ന കൂട്ട ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്ന് ഗഡുക്കളായി നൽകുന്ന പ്ലാൻ ഫണ്ടിന്റെ രണ്ടാം ഗഡുവായ 1851 കോടി രൂപ ആഗസ്റ്റ് മാസത്തിൽ നൽകേണ്ടിയിരുന്നത് മൂന്ന് മാസത്തിന് ശേഷം നവംബറിലാണ് അനുവദിച്ചത്. മൂന്ന് ഗഡുവായി നൽകുന്ന മെയിന്റനൻസ് ഗ്രാന്റിന്റെ രണ്ടാമത്തെ ഗഡു 1216 കോടി രൂപയും നവംബറിൽ മാത്രമാണ് ലഭിച്ചത്. എന്നാൽ അതിൽ നിന്ന് ഒരു രൂപ പോലും സംസ്ഥാന ജനാവിൽ നിന്ന് ട്രഷറി വഴി പഞ്ചായത്തുകൾക്ക് നൽകിയില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തകർത്ത് പ്രാദേശിക വികസനം മരവിപ്പിച്ച എൽ.ഡി.എഫ് നടപടിക്ക് കേരള ജനത മാപ്പു നൽകില്ല. ആർ. പി.ജി.ആർ.എസ് ജില്ലാ ചെയർമാൻ എ.പി. ഉസ്മാൻ അദ്ധ്യക്ഷനായി. ഡി.സി.സി ഭാരവാഹികളായ എം.ഡി. അർജുനൻ, എൻ.ഐ. ബെന്നി, ഇന്ദു സുധാകരൻ, കെ.ഐ. ജീസസ്, ബാബു പി. കുര്യാക്കോസ്, ജോർജ് തോമസ്, ജാഫർ ഖാൻ മുഹമ്മദ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എസ്. ജേക്കബ്, സിനി സാബു, ടോണി കുര്യാക്കോസ്, ഗ്രേസി തോമസ്, സോളി ജീസസ്, കെ.കെ. ഭാസ്‌കരൻ, ബിജു എം.എ, സുരേഷ് ബാബു, അമ്മിണി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. രാജീവ് ഭവൻ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനത്തിൽ നേതാക്കളായ ഡോമിന സജി, രാജേശ്വരി രാജൻ, എൻ.കെ. ബിജു, മാത്യു ജോൺ, എം.എ. അൻസാരി, പുഷ്പ വിജയൻ, ആലീസ് ജോസ്, ഏലിയാമ്മ ജോയി, ആൽബർട്ട് ജോസ്, സിബി പാറപ്പായി, സിജു ചക്കുംമൂട്ടിൽ, ബിന്ദു രാജേഷ്, ഷൈജ ജോമോൻ, ബിജോയി ജോൺ, റോബിൻ മൈലാടി എന്നിവർ നേതൃത്വം നൽകി.