ഇടുക്കി: നിർമ്മാണ തൊഴിലാളികളുടെ പെൻഷനും ആനുകൂല്യങ്ങളും വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴയിലെ ജില്ലാ ക്ഷേമനിധി ഓഫീസിന് മുന്നിൽ പട്ടിണി സമരം നടത്താൻ ബിൽഡിങ് ആന്റ് റോഡ് വർക്കേഴ്‌സ് ഫെഡറേഷൻ നേതൃസമ്മേളനം തീരുമാനിച്ചു. എൽ.ഡി.എഫ് സർക്കാരിന്റെ ദീർഘവീക്ഷണമില്ലായ്മയും മുതലാളിത്ത സൗഹൃദ നിലപാടുമാണ് ക്ഷേമനിധിബോർഡിനെ ഇന്ന് തകർച്ചയിലെത്തിച്ചിരിക്കുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. കെട്ടിടമുടമകളിൽ നിന്നു സെസ്സ് പിരിച്ചെടുക്കുന്നതിന് വീഴ്ച്ച വരുത്തിയതും, സർക്കാരിന്റെ പിടിപ്പുകേടും ബോർഡിന്റ അനാസ്ഥയുമാണ് തൊഴിലാളികളുടെ ആനുകൂല്യങ്ങൾ കിട്ടാതാകാൻ കാരണമായി മാറിയത്.

.മരണാനന്തര ആനുകൂല്യവും വിവാഹപ്രസവ ആനുകൂല്യങ്ങളും നൂറുകണക്കിന് ആളുകൾക്ക് കൊടുത്തുതീർക്കാൻ ഉണ്ടായിട്ടും ആയിരക്കണക്കിന് തൊഴിലാളികൾ പ്രതീക്ഷ നഷ്ടപ്പെട്ടു ക്ഷേമ ബോർഡിൽ അംശാദായം അടയ്ക്കാതെ ആയിട്ടും സർക്കാർ അനങ്ങാപ്പറ നയമാണ് സ്വീകരിച്ചുവരുന്നത്.ഈ സാഹചര്യത്തിൽ പുതിയ ബഡ്ജറ്റിൽ വരുന്ന പ്രഖ്യാപനങ്ങളിൽ ക്ഷേമബോർഡിൽ അംഗങ്ങൾ ആയിട്ടുള്ള തൊഴിലാളികളുടെ ആനുകൂല്യങ്ങളും പെൻഷൻ കുടിശികയും കൊടുത്തു തീർക്കാനുള്ള തുക ബജറ്റിൽ വകയിരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആണ് ബിൽഡിംഗ് ആന്റ് റോഡ് വർക്കേഴ്‌സ് ഫെസറേഷൻ സമര രംഗത്തേക്ക് കടന്നു വരുന്നത്.ഇന്ന് രാവിലെ 10.30ന് പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും നൂറുകണക്കിന് പെൻഷൻ കാരും അംഗങ്ങളും പ്രഭാത ഭക്ഷണം കഴിക്കാതെ പട്ടിണി ജാഥ നടത്തി ക്ഷേമ ബോർഡ് ഓഫീസിനു മുന്നിൽ സമരം ചെയ്യും.ചെറുതോണി രാജീവ്ഭവനിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് എ.പി. ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.എം ജലാലുദ്ദീൻ, കെ.പി. റോയി , ലീലാമ്മ വർഗീസ്, ബാബു കളപ്പുര, ജോർജ് വർഗീസ്, ഹമീദ് എം.കെ., മിനി ബേബി, ശ്യാമള രാജു, ഉഷ ബെന്നി. തുടങ്ങിയവർ പ്രസംഗിച്ചു.