കുമളി: ജനങ്ങൾ കാവൽക്കാരായി ,വാട്ടർ അതോറിറ്റിയുടെ റോഡ് പൊളിക്കലിനെതിരെ പ്രതിഷേധമിരമ്പി .
കുമളി അട്ടപ്പള്ളം പത്തുമുറി റോഡിലാണ് തിങ്കളാഴ്ച്ച വാട്ടർ അതോറിറ്റി കരാർ ജീവനക്കാർ എത്തിയത്. ഒന്നാം മൈലിനു സമീപം റോഡിന്റെ സംരക്ഷണത്തിനായി ഉറപ്പിച്ചിരുന്ന കോൺക്രീറ്റ് ഭാഗം ഇവർ ഇളക്കിയതോടെയാണ് പ്രതിഷേധം ഉയർന്നത്. വർഷങ്ങളോളം പൊട്ടി തകർന്നു കിടന്ന ഈ റോഡ് നല്ല നിലയിൽ ടാർ ചെയ്തും വശങ്ങളിൽ കോൺക്രീറ്റ് ചെയ്ത് സുരക്ഷാ വേലിയും തീർത്തിട്ട് ഒരു വർഷം പോലും ആകുന്നതിന് മുൻപാണ് വാട്ടർ അതോറിറ്റി സ്ഥിരം പരിപാടിയുമായി എത്തിയത്. ഇതിന് പൊതുമരാമത്ത് വകുപ്പ് അസി: എഞ്ചിനീയറുടെ വാക്കാലുള്ള അനുവാദവും. ഈ റോഡ് നിർമ്മാണ് നടക്കുമ്പോൾ തന്നെ റോഡിൽ സ്ഥാപിച്ച ബോർഡ് റോഡിന്റെ രക്ഷകനാകുകയായിരുന്നു. 'പൊതുജനങ്ങൾ കാഴ്ച്ചക്കാരല്ല കാവൽക്കാരാണ് ' എന്നതായിരുന്നു ബോർഡിന്റെ തലക്കെട്ട്. ബോർഡിൽ റോഡിന്റെ ഉത്തരവാദിത്യപ്പെട്ട അസിസ്റ്റന്റ് എഞ്ചിനീയറുടെ ഫോൺ നമ്പർ, റോഡ് നിർമ്മിച്ച കരാറുകാരന്റെ ഫോൺ നമ്പർ എന്നിവയും ചേർത്തിരുന്നു. റോഡ് പൊളിക്കാൻ ആരംഭിച്ചതോടെ നാട്ടുകാർ പൊതുമരാമത്ത് വകുപ്പ് അസി: എഞ്ചിനിയറെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചുവെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല.
കുഴി മൂടിച്ചു
ആദ്യം അനുമതി നൽകിയിട്ടുണ്ട് എന്ന് പറഞ്ഞ ഉദ്യോഗസ്ഥൻ റോഡ് മുറിക്കാൻ അപേക്ഷ ലഭിച്ചിരുന്നുവോ എന്ന ചോദ്യത്തിന് അറിയില്ല ന്നായിരുന്നു മറുപടി. റോഡ് പൊളിക്കുന്നിടത്ത് പൊതുമരാമത്ത് വകുപ്പിന്റെയോ വാട്ടർ അതോറിറ്റിയുടെയോ ഉത്തരവാദിത്വപ്പെട്ട ജീവനക്കാർ ആരും ഉണ്ടായിരുന്നില്ല. ഇത് ശ്രദ്ധയിൽ പെട്ടതോടെ നാട്ടുകാർ സംഘടിച്ച് റോഡ് പൊളിക്കുന്നത് നിർത്തി വയ്പിക്കുകയും , റോഡിൽ കുഴിച്ച കുഴി മൂടിക്കുകയും ചെയ്തു.
നിർമ്മാണം പൂർത്തിയായ റോഡ് അഞ്ച് വർഷത്തെ ഗ്യാരന്റിയിലാണ് നിർമ്മിച്ചിട്ടുള്ളത്. റോഡിന്റെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടവർ തന്നെയാണ് റോഡ് തകർക്കുന്നതിനും കൂട്ട് നിൽക്കുന്നത്.