
തൊടുപുഴ: നഗരസഭാ വൈസ് ചെയർപേഴ്‌സണായി കേരള കോൺഗ്രസ് (എം) അംഗം പ്രൊഫ. ജെസി ആന്റണി തിരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയർപേഴ്‌സണായിരുന്ന ജെസി ജോണിയെ കൂറുമാറ്റത്തിന്റെ പേരിൽ ഹൈക്കോടതി അയോഗ്യയാക്കിയതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. 35 അംഗ കൗൺസിലിൽ എൽ.ഡി.എഫ്- 14, യു.ഡി.എഫ്- 12, ബി.ജെ.പി- എട്ട് എന്നിങ്ങനെയാണ് കക്ഷി നില. തിരഞ്ഞെടുപ്പിലെ ആദ്യ റൗണ്ടിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെസി ആന്റണിക്ക് 14 വോട്ടും യു.ഡി.എഫ് സ്ഥാനാർത്ഥി മുസ്ലിംലീഗ് പ്രതിനിധി ഷഹനാ ജാഫറിന് 12 വോട്ടും ബി.ജെ.പി സ്ഥാനാർത്ഥി ജിഷാ ബിനുവിന് ഏഴ് വോട്ടും ലഭിച്ചു. ബി.ജെ.പി അംഗം ടി.എസ്. രാജൻ വോട്ടെടുപ്പിൽ ഹാജരായില്ല. രണ്ടാം റൗണ്ടിൽ കുറഞ്ഞ വോട്ടു ലഭിച്ച ബി.ജെ.പി സ്ഥാനാർത്ഥിയെ മാറ്റി നിറുത്തി നടന്ന വോട്ടെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെസി ആന്റണിക്ക് 13 വോട്ടും യു.ഡി.എഫ് സ്ഥാനാർത്ഥി ഷഹ്‌നാ ജാഫറിന് 12 വോട്ടും ലഭിച്ചു. എൽ.ഡി.എഫിലെ മുഹമ്മദ് അഫ്‌സലിന്റെ വോട്ട് അസാധുവായി. പതിനൊന്നാം വാർഡംഗം മാത്യു ജോസഫിനെയും ഹൈക്കോടതി അയോഗ്യനാക്കിയിരുന്നെങ്കിലും ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിക്കുന്നതിനാൽ വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിന് തടസമുണ്ടായില്ല. ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) ജോളി ജോസഫ് വരണാധികാരിയായിരുന്നു.
കൂറുമാറി അയോഗ്യയായി
മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ച ജെസി ജോണി ചെയർമാൻ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുകയും വൈസ് ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിക്കുകയും ചെയ്തിരുന്നു. ഇതു ചോദ്യം ചെയ്താണ് യു.ഡി.എഫ് കോടതിയെ സമീപിച്ചത്. ഏതെങ്കിലും മുന്നണിയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായോ മുന്നണിയുടെ ഭാഗമായ ഏതെങ്കിലും പാർട്ടി സ്ഥാനാർത്ഥിയായോ മത്സരിച്ച് വിജയിച്ച ശേഷം മുന്നണിയിൽ നിന്ന് കൂറ് മാറി മറ്റൊരു മുന്നണിയുടെ ഭാഗമായാൽ അത് കൂറുമാറ്റം ആകുമെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഇവരെ അയോഗ്യയാക്കിയത്.