mathew-kuzhalnadan

ഇടുക്കി: ചിന്നക്കനാലിൽ മിച്ച ഭൂമി കൈവശം വച്ച സംഭവത്തിൽ മാത്യു കുഴൽനാടൻ എം.എൽ.എയ്ക്കെതിരെ റവന്യൂ വകുപ്പ് കേസ്. ഭൂസംരക്ഷണ നിയമപ്രകാരമെടുത്ത കേസിൽ അടുത്ത ആഴ്ച ഹിയറിംഗിന് ഹാജരാകാൻ റവന്യൂ വകുപ്പ് നോട്ടീസ് അയച്ചു. ചിന്നക്കനാൽ വില്ലേജിലെ സൂര്യനെല്ലിയിൽ മാത്യു കുഴൽനാടന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ ആധാരത്തിലുള്ളതനേക്കാൾ 50 സെന്റ് അധികമുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. ഇത് സർക്കാർ പുറമ്പോക്കാണെന്ന് റവന്യൂ വകുപ്പിന്റെ സർവേയിലും കണ്ടെത്തി. മൂന്ന് ആധാരങ്ങളിലായി 1.23 ഏക്കർ ഭൂമിയാണ് മാത്യു കുഴൽനാടന്റെ പേരിലുള്ളത്. അധിക സ്ഥലത്തിന്റെ കാര്യത്തിൽ ഭൂ സംരക്ഷണ നിയമ പ്രകാരം നടപടി സ്വീകരിക്കാൻ കളക്ടർ അനുമതി നൽകിയിരുന്നു. പിന്നാലെയാണ് ഉടുമ്പൻചോല തഹസിൽദാർ നടപടി തുടങ്ങിയത്.

ഭൂമി കൈയേറിയിട്ടില്ലെന്നും അതിരുകൾ തിട്ടപ്പെടുത്തി അളന്ന് തിരിച്ചല്ല ഭൂമി വാങ്ങിയതെന്നുമായിരുന്നു കുഴൽനാടൻ പറഞ്ഞത്. അധിക ഭൂമി ഉണ്ടെന്ന് അറിയില്ലായിരുന്നുവെന്ന മാത്യു കുഴൽനാടന്റെ വാദം റവന്യൂ വകുപ്പ് തള്ളിയിരുന്നു. കുഴൽനാടൻ സർക്കാർ ഭൂമി കൈയേറിയിട്ടില്ലെന്നാണ് ഭൂമി വിറ്റ ശക്തികുളങ്ങര സ്വദേശി പീറ്റർ ഓസ്റ്റിനും പറയുന്നത്. മാത്യു കുഴൽനാടന്റെ വാദം കൂടി കേട്ടശേഷം ഭൂമി ഏറ്റെടുക്കൽ നടപടി തുടരാനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം. അതേസമയം മാത്യുവിന്റെ പക്കൽ സ്ഥലത്തിന്റെ നിജസ്ഥിതി സർട്ടിഫിക്കറ്റ് ഉള്ളത് റവന്യൂ വകുപ്പിന് തിരിച്ചടിയാണ്. ആധാരസമയത്ത് മുൻ തഹസിൽദാരാണ് നിജസ്ഥിതി സർട്ടിഫിക്കറ്റ് നൽകിയത്. ഏക്കറിന് കുറഞ്ഞത് ഒരു കോടിയാണ് പ്രദേശത്ത് നിലവിലെ ഭൂമി വില.