തൊടുപുഴ: സിറ്റിംഗ് സീറ്റുകൾക്ക് പുറമെ കേരള കോൺഗ്രസിന് (എം) ഏറെ താത്പര്യമുള്ള സീറ്റ് ഇടുക്കിയാണെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ. കേരള കോൺഗ്രസ് (എം) ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായതിന് ശേഷം നടക്കുന്ന ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പാണിത്. കേരള കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകൾക്ക് പുറമെ മത്സരിച്ചാൽ വിജയിക്കാൻ സാദ്ധ്യതയുള്ള സീറ്റുകളെ സംബന്ധിച്ചും കേരള കോൺഗ്രസിന് താത്പര്യമുള്ള സീറ്റുകളെ സംബന്ധിച്ചും ഇടത് മുന്നണിയിൽ ചർച്ചയുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. സിറ്റിംഗ് സീറ്റുകൾക്ക് പുറമെ പ്രഥമ പരിഗണന ഇടുക്കി സീറ്റിനാകും നൽകുക. പാർട്ടിക്ക് ഏറെ രാഷ്ട്രീയ സ്വാധീനമുള്ള മണ്ഡലമാണ് ഇടുക്കി. അതുപോലെ ഇടതുപക്ഷ മുന്നണിയ്ക്ക് ജയിക്കാനുള്ള എല്ലാ സാഹചര്യങ്ങളുമാണ് ഇപ്പോൾ ഇടുക്കിയിലുണ്ടെന്നും ജോസ് പാലത്തിനാൽ പറഞ്ഞു. മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.