കുമളി : അമ്മയേ സംരക്ഷിക്കാത്ത മകനെ ബാങ്ക് ജോലിയിൽ നിന്നും മാറ്റി. കേരള ബാങ്ക് കുമളി മെയിൻ ശാഖയിലെ കളക്ഷൻ ഏജന്റായ എം .എം സജിമോനെയാണ് കേരളാ ബാങ്ക് ജോലിയിൽ നിന്ന് നീക്കംചെയ്തത്. ആശുപത്രിയിൽ ചികിത്സക്കിടെ മരണപ്പെട്ട അമ്മയേ സംരക്ഷിക്കാത്തതുമായി ബന്ധപ്പെട്ടാണ് ബാങ്ക് അച്ചടക്ക നടപടികൾ സ്വീകരിച്ചിരിക്കുന്നത് .
കുമളി മെയിൻ ശാഖയിലെ കളക്ഷൻ ഏജന്റായിരുന്ന എം.എം സജിമോന്റെ അമ്മ കുമളി അട്ടപ്പള്ളം സ്വദേശിനിയായ അന്നക്കുട്ടി മാത്യുവിന്റെ മരണവുമായി ബന്ധപ്പെട്ടു നിരവധി വാർത്തകൾ വന്നിരുന്നു. ബാങ്കിന്റെ സത്‌പേരിന് ഇടപാട് കാർക്കിടയിലും പൊതുസമൂഹത്തിലും കളങ്കം സംഭവിച്ചു എന്ന് ബോധ്യപ്പെട്ടതിനാലും ഒരു മകനെന്ന നിലയിലുള്ള ഉത്തരവാദിത്വത്തിൽ വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ടു പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന്റെയും അടിസ്ഥാനത്തിലാണ് കളക്ഷൻ എടുക്കുന്നതിൽ നിന്നും മാറ്റി നിർത്താൻ തീരുമാനിച്ചത്.