kanthalloor

മറയൂർ: കാന്തല്ലൂർ ടൗണിൽ ഉപയോഗശൂന്യമായി കിടന്നിരുന്ന വനംവകുപ്പിന്റെ കെട്ടിടം പൊളിച്ചു നീക്കി. ടൗണിന്റ ഹൃദയ ഭാഗത്ത് വനംവകുപ്പിന്റെ കൈവശത്തിലിരുന്ന കെട്ടിടം പൊളിച്ച് മാറ്റാൻ വർഷങ്ങളായി നടപടികൾ നടന്ന് വരികയായിരുന്നു. പഞ്ചായത്ത് ഭരണസമിതി വനം, റവന്യൂ മന്ത്രിമാർക്ക് നൽകിയ പരാതിയെ തുടർന്നാണ് മറയൂർ ചന്ദന ഡിവിഷൻ അധികൃതർ പൊളിച്ചു മാറ്റാൻ തയ്യാറായത്. കാന്തല്ലൂർ ടൗണിലെ റവന്യൂ സ്ഥലത്താണ് വർഷങ്ങൾക്ക് മുമ്പ് വരെ വനംവകുപ്പിന്റെ ഔട്ട് പോസ്റ്റ് പ്രവർത്തിച്ചിരുന്നത്. അതിന് ശേഷം വനം വകുപ്പ് പെരുമലയിലെ ചോലവനത്തിനോടനുബന്ധിച്ച് പുതിയ കെട്ടിടം പണിയുകയും ചെയ്തിരുന്നു. അതിന് ശേഷം ടൗണിലെ ഈ കെട്ടിടം 10 വർഷത്തിൽ കൂടുതലായി ഉപയോഗശൂന്യമായി സാമൂഹ്യവിരുദ്ധരുടെ താവളമായി കിടക്കുകയായിരുന്നു. പഞ്ചായത്തിന്റെ വികസനത്തിനും ടൗണിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും ബസ് സ്റ്റാൻഡിനുമായിട്ട് ഉപയോഗിക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കി കഴിഞ്ഞു. ഈ കെട്ടിടം പൂർണ്ണമായി പൊളിച്ചുമാറ്റുന്നതോടെ ടൗണിന്റെ വർഷങ്ങളായുള്ള വികസന സ്വപ്‌നം സാക്ഷാത്കരിക്കാൻ സാധിക്കുമെന്ന് പ്രദേശവാസികളും പറയുന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.ടി. മോഹൻദാസ്, പഞ്ചായത്ത് അംഗങ്ങളായ എസ്.ആർ. മണികണ്ഠൻ, പി.ടി. തങ്കച്ചൻ, കെ.ആർ. സുബ്രഹ്മണ്യൻ എന്നിവരും കാന്തല്ലൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ രഘുലാൽ, ഡെപ്യൂട്ടി റേഞ്ചർ കെ. സനിൽ ഉൾപ്പെടെയുള്ള വനപാലക സംഘവുമെത്തി സ്ഥലം പരിശോധന നടത്തിയ ശേഷമാണ് പൊളിച്ച് നീക്കൽ ആരംഭിച്ചത്.