
ഇടുക്കി: മലങ്കര ഡാമിൽ നിന്ന് ചെളിയും മണലും നീക്കി സംഭരണശേഷി വർദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാൻ മന്ത്രി റോഷി അഗസ്റ്റിൻ നിർദേശം നൽകി. അണക്കെട്ടിന്റെ സംഭരണ ശേഷി 36.36 ദശലക്ഷം ഘന മീറ്ററാണ്. എന്നാൽ കാലാകാലങ്ങളിലായി എക്കലും ചെളിയും മണലും അടിഞ്ഞു കൂടിയതിനെ തുടർന്ന് ഇത് 51 ശതമാനമായി കുറഞ്ഞിരുന്നു. അതായത് സംഭരണ ശേഷിയുടെ പകുതിയോളം നഷ്ടപ്പെട്ട സാഹചര്യമായിരുന്നു. ഏകദേശം 18 ദശലക്ഷം ഘന മീറ്റർ ചെളിയും മണ്ണും എക്കലുമാണ് നീക്കം ചെയ്യേണ്ടത്. ഈ പ്രവർത്തി ടേൺ കീ അടിസ്ഥാനത്തിലുള്ള ടെൻഡർ മുഖേനയാണ് നടപ്പാക്കുക. കരാർ ഏറ്റെടുക്കുന്ന കമ്പനി ഡീസിൽറ്റേഷൻ പ്രവർത്തികൾ പൂർത്തിയാക്കി സർക്കാരിലേക്ക് പണം അടയ്ക്കുന്നതാണ് ടേൺ കീ സമ്പ്രദായം. മുമ്പ് പാലക്കാട് ജില്ലയിലുള്ള മംഗളം ഡാം ഇതേ മാതൃകയിൽ കരാർ നൽകിയിരുന്നു. നിലവിൽ ചുള്ളിയാർ, വാളയാർ, മീങ്കര എന്നീ ഡാമുകളിൽ വിവിധ ഏജൻസികൾ ഡീസിൽറ്റേഷൻ പ്രവർത്തികൾ നടത്തി വരുന്നുണ്ട്. മലങ്കര അണക്കെട്ടിൽ നിന്നുള്ള ഇടത്, വലതുകര കനാലുകളിലൂടെ ഏതാനും ആഴ്ചകളായി വെള്ളം കടത്തി വിടുന്നുണ്ട്. തുടർന്ന് ഇടതുകര കനാൽ കടന്നു പോകുന്ന കരിങ്കുന്നം, മണക്കാട്, കൂത്താട്ടുകുളം, പിറവം, വലതു കര കനാൽ കടന്ന് പോകുന്ന ഇടവെട്ടി, കുമാരമംഗലം, കോതമംഗലം എന്നീ മേഖലകളിലെ നീർത്തടങ്ങൾ കടുത്ത വേനലിലും ജലസമൃദ്ധമാണ്. മൂലമറ്റം വൈദ്യുതി നിലയത്തിൽ ഉത്പാദനം വർദ്ധിപ്പിച്ചതിനെ തുടർന്നാണ് കനാലിലൂടെ വെള്ളം കടത്തി വിടാൻ കഴിയുന്നത്. നിലവിൽ മലങ്കര അണക്കെട്ടിലെ ജലനിരപ്പ് 41.60 മീറ്ററാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഈ നിലയിലാണ് ജലനിരപ്പ്. അണക്കെട്ടിൽ 39 മീറ്ററായി ജലനിരപ്പ് ഉയർന്നെങ്കിൽ മാത്രമേ രണ്ട് കനാലിലൂടെയും വെള്ളം കടത്തി വിടാൻ സാധിക്കൂ. പരമാവധി സംഭരണ ശേഷി 42 മീറ്ററാണ്. ജല ജീവൻ മിഷൻ പദ്ധതി പ്രകാരമുള്ള 1246 കോടിയുടെ മീനച്ചിൽ കുടിവെള്ള പദ്ധതിയും മുട്ടം, കുടയത്തൂർ, അറക്കുളം, കരിങ്കുന്നം പഞ്ചായത്ത് പ്രദേശങ്ങളിലേക്കുള്ള 102 കോടി രൂപയുടെ പദ്ധതിയും മലങ്കര അണക്കെട്ടിലെ ജല സമൃദ്ധിയെ മുന്നിൽ കണ്ടാണ് സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്.
മലങ്കര തൊടുപുഴയുടെ
അനുഗ്രഹം
മൂവാറ്റുപുഴ ജലസേചന പദ്ധതിയുടെ ഭാഗമായി മുട്ടത്ത് തൊടുപുഴയാറിന് കുറുകെ നിർമിച്ച ഒരു ചെറിയ അണക്കെട്ടാണ് മലങ്കര. മൂലമറ്റം പവർ ഹൗസിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം പുറന്തള്ളുന്ന ജലം തടഞ്ഞു നിറുത്തി ജലസേചനത്തിനും കാർഷികാവശ്യങ്ങൾക്കും വൈദ്യുതി നിർമ്മാണത്തിനുമാണ് ഉപയോഗിക്കുന്നത്. ഇവിടെ നിന്നുള്ള വെള്ളമാണ് തൊടുപുഴയാറ്റിലേക്ക് ഒഴുകി എത്തുന്നത്. മലങ്കര അണക്കെട്ടിലെ ജലനിരപ്പിലുണ്ടാകുന്ന വ്യത്യാസം തൊടുപുഴയാറ്റിലെ നീരൊഴുക്കിനെയും ബാധിക്കും. മൂലമറ്റത്തു നിന്ന് ആരംഭിച്ച് മലങ്കര അണക്കെട്ടിലൂടെ എറണാകുളം ജില്ലയിലെ മുവാറ്റുപുഴയിലേക്ക് ഒഴുകിയെത്തുന്ന തൊടുപുഴയാറിന് 32 കിലോമീറ്റർ ദൈർഘ്യമെന്നാണ് ഔദ്യോഗിക വിവരം. തൊടുപുഴയാർ ഒഴുകിയെത്തുന്ന ദൂര പരിധിയിലെ നിരവധി തദ്ദേശ സ്ഥാപനങ്ങളിലെ ജനങ്ങളുടെ ദൈനംദിന ജലവിനിയോഗത്തിന്റെ ഒരു പരിധി വരെ ഇവിടെ നിന്നുള്ള നീരൊഴുക്കിനെ ആശ്രയിച്ചാണിരിക്കുന്നത്.