sugandh

മൂന്നാർ: പൂപ്പാറയിൽ അന്യസംസ്ഥാന തൊഴിലാളികളുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ മൂന്ന് പ്രതികൾക്ക് 90 വർഷം തടവ്. തിരുനെൽവേലി വലവൂർ സ്വദേശി എസ്. സുഗന്ത് (20), തമിഴ്‌നാട് ബോഡി ധർമപ്പട്ടി സ്വദേശി എം. ശിവകുമാർ (21), എസ്റ്റേറ്റ് പൂപ്പാറ ലക്ഷം കോളനിയിൽ പി. സാമുവേൽ (ശ്യാം- 21) എന്നിവരെയാണ് ദേവികുളം അതിവേഗ പ്രത്യേക പോക്‌സോ കോടതി ജഡ്ജി പി.എ. സിറാജുദീൻ ശിക്ഷിച്ചത്. മൂവർക്കും 40,000 രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്. ഐ.പി.സി, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതികൾ 25 വർഷം വീതം കഠിന തടവ് അനുഭവിച്ചാൽ മതിയാകും. 2022 മേയ് 29നായിരുന്നു സംഭവം. സുഹൃത്തിനൊപ്പം തേയിലക്കാട്ടിൽ ഇരുന്ന ബംഗാൾ സ്വദേശിയായ 15 കാരിയെയാണ് അന്യസംസ്ഥാന തൊഴിലാളികളടങ്ങുന്ന സംഘം ക്രൂരമായി പീഡിപ്പിച്ചത്. കേസിൽ മൂന്നുപേരും കുറ്റക്കാരാണെന്ന് കോടതി തിങ്കളാഴ്ച വിധിച്ചിരുന്നു. നാലാം പ്രതിയെ തെളിവില്ലെന്ന് കണ്ട് കോടതി വിട്ടയച്ചു. കേസിലെ അഞ്ചും ആറും പ്രതികൾ പ്രായപൂർത്തിയാകാത്തവരാണ്. തൊടുപുഴ ജുവനൈൽ കോടതിയിലാണ് ഇവരുടെ കേസ് നടക്കുന്നത്. തമിഴ്‌നാട്ടിൽ നിന്ന് പൂപ്പാറയിൽ ജോലിക്കെത്തിയതാണ് പ്രതികളായ സുഗന്തും ശിവകുമാറും. പതിനഞ്ചുകാരിയും സുഹൃത്തും തേയിലത്തോട്ടത്തിൽ ഇരിക്കുന്നതിനിടെ പ്രതികൾ സ്ഥലത്തെത്തുകയായിരുന്നു. സുഹൃത്തിനെ അടിച്ചവശനാക്കിയ ശേഷം പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. നാലാം പ്രതി സംഭവ സ്ഥലത്തേക്ക്
ആരെങ്കിലും വരുന്നുണ്ടോയെന്ന് നിരീക്ഷിച്ചെന്നായിരുന്നു മൊഴി. ഇയാളെയാണ് തെളിവില്ലെന്ന് കണ്ട് വിട്ടയച്ചത്. പെൺകുട്ടിയുടെ ബഹളംകേട്ട് വഴിയാത്രക്കാർ എത്തിയപ്പോഴേക്കും പ്രതികൾ ഓടിരക്ഷപ്പെട്ടു. തുടർന്ന് നാട്ടുകാരാണ് പൊലീസിനെ വിവരമറിയിക്കുന്നത്. നാല് പേരെ അന്ന് തന്നെ പൊലീസ് പിടികൂടി. രണ്ട് പേരെ പിറ്റേന്ന് തമിഴ്‌നാട്ടിൽ നിന്നും പിടികൂടി. മൂന്നാർ ഡിവൈ.എസ്.പി കെ.ആർ. മനോജിന്റെ നേതൃത്വത്തിൽ ശാന്തമ്പാറ എസ്.എച്ച്.ഒയായിരുന്ന അനിൽ ജോർജാണ് കേസ് അന്വേഷിച്ചതും പ്രതികളെ പിടികൂടിയതും. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സ്മിജു കെ. ദാസ് ഹാജരായി.