ചെറുതോണി: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ വാതിൽ തുറന്ന് പുറത്തേക്ക് തെറിച്ചു റോഡിൽ വീണ് വിദ്യാർത്ഥിനിക്കു പരുക്കേറ്റു. പൈനാവ് കേന്ദ്രീയ വിദ്യാലയത്തിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി ദിയ ബിജു (14) വിനാണ് പരുക്കേറ്റത്. ഇന്നലെ വൈകിട്ട് 6.15 ന് കീരിത്തോടിനുസമീപം പകുതിപ്പാലത്തു വച്ചാണു സംഭവം. കെ.എസ്.ആർ.ടി.സി ബസ് വാടകക്കെടുത്ത് എറണാകുളത്തുള്ള ഫിഷറീസ് ഇൻസ്റ്റിറ്റിയൂട്ടിലേക്ക് പഠന യാത്ര പോയി തിരികെവരുമ്പോഴാണ് അപകടം സംഭവിച്ചത്. ബസ് വളവ് തിരിക്കുമ്പോൾ ബസിനുള്ളിൽ നിൽക്കുകയായിരുന്ന പെൺകുട്ടി നിലതെറ്റി വീഴാതിരിക്കാൻ വാതിലിന്റെ ലോക്കിൽ പിടിച്ചതോടെ വാതിൽ തുറന്ന് റോഡിൽ വീഴുകയായിരുന്നു. പരുക്കേറ്റ വിദ്യാർഥിനിയെ ഉടൻ തന്നെ ചേലച്ചുവട്ടിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിദഗ്ദ്ധചികിത്സയ്ക്കായി പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.