
ഉപ്പുതറ: പരപ്പ് നെല്ലൻകുഴിയിൽ ബീന രാജനും വടക്കേനാത്ത് ഓമനക്കുട്ടനും സ്വന്തം വീട്ടിൽ കയറാൻ അയൽക്കാരുടെ സൗജന്യം വേണം. മലയോര ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി പൊളിച്ചിട്ട വഴികൾ മൂന്നര മാസം കഴിഞ്ഞിട്ടും പുനഃസ്ഥാപിക്കാത്തതിനെ തുടർന്നാണ് ഇവർക്ക് ഈ ഗതികേട്. പരപ്പ്- ആലടി റോഡിന്റ ഒരു കിലോമീറ്ററിനുള്ളിൽ താമസിക്കുന്ന നിരവധി വീട്ടുകാരാണ് ഇതുമൂലം ദുരിതം അനുഭവിക്കുന്നത്. തയ്യിൽ ജോസഫ് കുര്യൻ, കപ്രായിൽ ഷോമി, വരയാത്ത് വിജി, വരയാത്ത് മോഹനൻ, വെട്ടുകുഴിയിൽ ആലിച്ചൻ, പുത്തൻ പുരയ്ക്കൽ മാത്യു, വട്ടപ്പറമ്പിൽ തോമസ് തുടങ്ങിയവരുടെ വീട്ടിലേക്ക് കയറാനുള്ള വഴിയും പൂർത്തീകരിച്ചിട്ടില്ല. റോഡിന് വീതി കൂട്ടാൻ ഒക്ടോബർ ആദ്യവാരം ജെ.സി.ബി ഉപയോഗിച്ച് മണ്ണ് മാറ്റിയപ്പോഴാണ് വീടുകളിലേക്കുള്ള വഴി നഷ്ടമായത്. 15 ദിവസത്തിനുള്ളിൽ സംരക്ഷണ ഭിത്തി കെട്ടി വഴി പുനഃസ്ഥാപിക്കുമെന്നായിരുന്നു ഉറപ്പ്. ഒരു മാസം കഴിഞ്ഞിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്ന് കിഫ്ബിയുടെ തൊടുപുഴയിലെ മേഖല ഓഫീസിൽ നേരിട്ടും ഫോണിലൂടെയും പരാതി നൽകി. സ്ഥലം പരിശോധിച്ച് നടപടി ഉണ്ടാക്കാമെന്ന് എക്‌സിക്യൂട്ടീവ് എൻജിനിയർ (ഇ.ഇ) ഉറപ്പ് നൽകി. എന്നാൽ കാത്തു നിന്നിട്ടും നാലു തവണയും ഇ.ഇ നാട്ടുകാരെ പറ്റിച്ചു. തുടർന്ന് ഒരു മാസം കഴിഞ്ഞപ്പോൾ അസി. എൻജിനീയർ (എ.ഇ) രണ്ടു തവണ സ്ഥലം സന്ദർശിച്ചു. എന്നാൽ എ.ഇ. നൽകിയ നിർദ്ദേശം പാലിക്കാൻ കരാറുകാർ തയ്യാറായില്ല. പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള പൊതുപ്രവർത്തകർ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. അതിനിടെ പരാതി പറഞ്ഞ വീട്ടുകാരിൽ ചിലരെ കരാറുകാരന്റെ സൂപ്പർവൈസർമാർ ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്തു. ഇക്കാര്യത്തിലും നടപടി സ്വീകരിക്കാൻ കിഫ്ബി ഉദ്യോഗസ്ഥർ തയ്യാറായില്ല.
വീട്ടിലേക്ക് കയറാനുള്ള വഴി പൂർത്തിയാക്കുകയോ അതല്ലങ്കിൽ പാതിവഴിയിൽ മുടങ്ങി കിടക്കുന്ന കൽകെട്ട് പൊളിച്ചു മാറ്റുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് പ്രതിഷേധിക്കാനും ധന- പൊതുമരാമത്തു മന്ത്രിമാർക്കും കളക്ടർക്കും പരാതി നൽകാനുമാണ് നാട്ടുകാരുടെ തിരുമാനം.
പൈപ്പ് മുറിച്ചു,
കുടിവെള്ളവും മുട്ടി
കഴിഞ്ഞ ദിവസം 40 കുടുംബങ്ങൾ ഉപയോഗിക്കുന്ന കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് റോഡ് നിർമ്മാണത്തിനിടെ മുറിച്ചു. ഇതോടെ നാട്ടുകാരുടെ കുടിവെള്ളവും മുട്ടി. പുതിയ പൈപ്പ് സ്ഥാപിച്ച് കുടിവെള്ളവിതരണം പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട കൺവീനറോട് കരാറുകാരന്റെ സൂപ്രവൈസർ തട്ടിക്കയറിയതായും ആക്ഷേപമുണ്ട്.