
തൊടുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായും ജില്ലാ പ്രസിഡന്റായും വ്യാപാരികൾക്ക് വേണ്ടി ദീർഘകാലം സേവനം അനുഷ്ഠിച്ച മാരിയിൽ കൃഷ്ണൻ നായർ അനുസ്മരണദിനം സംഘടിപ്പിച്ച് തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ. സംഘടനയ്ക്കും കേരളത്തിലെ വ്യാപാരികൾക്കും വേണ്ടി തന്റെ ജീവിതം മാറ്റി വയ്ക്കുകയും വ്യാപാരികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി നിരന്തരം പ്രവർത്തിക്കുകയും ചെയ്ത വ്യക്തിയാണ് മാരിയിലെന്ന് അസോസിയേഷൻ പ്രസിഡന്റ് അജീവ് പുരുഷോത്തമൻ പറഞ്ഞു. തൊടുപുഴ സിവിൽ സ്റ്റേഷന് സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയിൽ ഛായാചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചന നടത്തി. വ്യക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ വിദ്യാർത്ഥിക്ക് ചികിത്സാ സഹായവും വിദ്യാർത്ഥിയുടെ വീട്ടിലെത്തി അസോസിയേഷൻ ഭാരവാഹികൾ കൈമാറി. അസോസിയേഷൻ ജനറൽ സെക്രട്ടറി സജിപോൾ, ട്രഷറർ കെ.എച്ച്. കനി, വൈസ് പ്രസിഡന്റുമാരായ ജോസ് ആലപ്പാട്ട് എവർഷൈൻ, സെയ്തു മുഹമ്മദ് വടക്കയിൽ, വി. സുവിരാജ്, ബെന്നി ഇല്ലിമ്മൂട്ടിൽ, ഇ.എ. അഭിലാഷ്, സജിത്ത് കുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറർ ആർ. രമേശ്, ജില്ലാ വൈസ് പ്രസിഡന്റ് ആർ. ജയശങ്കർ, യൂത്ത് വിംഗ് പ്രസിഡന്റ് പ്രജീഷ് രവി, വനിതാവിംഗ് പ്രസിഡന്റ് ലാലി വിൽസൺ എന്നിവർ നേതൃത്വം നൽകി.