
തൊടുപുഴ: ഔഷധസസ്യ കൃഷി പ്രചരിപ്പിക്കാൻ നാഗാർജുന ആയുർവേദ ഏർപ്പെടുത്തിയിരിക്കുന്ന പി.കെ. നാരായണൻ സ്മാരക ഔഷധമിത്രം അവാർഡിന് തൃശൂർ വരന്തരപ്പള്ളി സ്വദേശിനി സൗമ്യ ബിജു അർഹയായി. നാഗാർജുന മുൻ എക്‌സിക്യൂട്ടീവ് ഡയറക്ടറും റബർ ബോർഡ് മുൻ പ്രൊഡക്ഷൻ കമ്മിഷണറും കേരളത്തിലെ മികച്ച കാർഷിക പത്രപ്രവർത്തകനുമായ പി.കെ നാരായണന്റെ പേരിൽ 50,001 രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
ഔഷധസസ്യ കൃഷിയിലൂടെ സാമ്പത്തികനേട്ടം കൈവരിക്കുന്നവരെ ആദരിക്കുന്ന ഔഷധമിത്രത്തിന്റെ പന്ത്രണ്ടാം അവാർഡാണിത്. കുറുന്തോട്ടി, കച്ചോലം, ചിറ്റരത്ത തുടങ്ങിയ ഔഷധസസ്യങ്ങൾ പാട്ടത്തിനെടുത്ത 4.5 ഏക്കർ സ്ഥലത്ത് ശാസ്ത്രീയ കൃഷി ചെയ്ത് വിപണി കണ്ടെത്തി സൗമ്യ മികച്ച വിജയം നേടിയെന്ന് ജൂറിയംഗങ്ങൾ വിലയിരുത്തി. വീടിരിക്കുന്ന 16 സെന്റ് സ്ഥലത്തിൽ പശു, ആട്, കരിങ്കോഴി, താറാവ്, മുന്തിയ ഇനം നായകൾ തുടങ്ങിയവയെ വളർത്തി ആദായം നേടുന്നതിലും കഠിനാധ്വാനിയായ സൗമ്യ ശ്രദ്ധാലുവാണ്.
സംസ്ഥാന ഔഷധസസ്യ ബോർഡിലെ ശാസ്ത്രജ്ഞൻ ഡോ. ഒ.എൽ. പയസ്, കർഷകശ്രീ പത്രാധിപ സമിതിയിലെ ടി.കെ. സുനിൽകുമാർ, നാഗാർജുന കാർഷിക വിഭാഗം മേധാവി ബേബി ജോസഫ് എന്നിവരടങ്ങിയ കമ്മിറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. ഫെബ്രുവരി 17ന് രാവിലെ 10ന് തൃശൂരിൽ നടക്കുന്ന ചടങ്ങിൽ റവന്യൂ മന്ത്രി കെ. രാജൻ അവാർഡ് ദാനം നിർവ്വഹിക്കും.