പീരുമേട്: വണ്ടിപ്പെരിയാറിലെ ചുരക്കുളം എസ്റ്റേറ്റിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ കുടുംബത്തിന് സി.പി.എമ്മിന്റെ കൈത്താങ്ങ്. തങ്ങളുടെ പൊന്നുമോളെ നഷ്ടപ്പെട്ടതോടെ തകർന്ന കുടുംബത്തെ സാമ്പത്തിക പ്രതിസന്ധിയും വല്ലാതെ വലച്ചിരുന്നു. പീരുമേട് താലൂക്ക് കാർഷിക വികസന ബാങ്കിൽ നിന്ന് കുടുംബം അഞ്ച് ലക്ഷം രൂപയുടെ വായ്പയെടുത്തിരുന്നു. ഇത് കൃത്യമായി തിരിച്ചടയ്ക്കാനാകാത്തതിനെ തുടർന്ന് പലിശയുൾപ്പെടെ ഏഴ് ലക്ഷം രൂപയായിരുന്നു. ഇതിനൊപ്പം തുടങ്ങിവച്ച വീടും പണിയും പാതി വഴിയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. ഇത് തിരിച്ചറിഞ്ഞ സി.പി.എം പ്രാദേശിക നേതൃത്വം ജില്ലാ കമ്മിറ്റിയെ വിവരം ധരിപ്പിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർട്ടി അംഗങ്ങളിൽ നിന്ന് കുടുംബ സഹായ ഫണ്ട് സ്വരൂപിച്ചു. 11 ലക്ഷം രൂപയാണ് പാർട്ടി ചുരുങ്ങിയ നാളുകൾക്കുള്ളിൽ സമാഹരിച്ചത്. കുടുംബത്തിന്റെ ബാങ്കിലെ കടബാദ്ധ്യത തീർക്കാനും മുടങ്ങിക്കിടന്ന വീട് പണി തീർക്കാനുമായി പാർട്ടി ധനസഹായം നൽകുകയായിരുന്നു. വണ്ടിപ്പെരിയാറിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് ധനസഹായം കൈമാറിയത്. പെൺകുട്ടിയുടെ അച്ഛനും അമ്മയും മുത്തച്ഛനുമാണ് സഹായം ഏറ്റുവാങ്ങിയത്.
ഇരയായ പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കും വരെ ഒപ്പമുണ്ടാകുമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. സി.പി.എം പാവപ്പെട്ടവർക്കും സമൂഹത്തിൽ പീഡനം അനുഭവിക്കുന്നവർക്കും ഒപ്പമാണ്. നീതിക്ക് വേണ്ടി ഇരയുടെ കുടുംബത്തെ സഹായിക്കേണ്ട ബാദ്ധ്യതയാണ് സി.പി.എമ്മിനുള്ളത്. അത് പൂർണ്ണമായും നടപ്പിലാക്കും. ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബത്തിന് ഇപ്പോഴത്തെ സാഹചര്യത്തിൽ സഹായം ആവശ്യമാണെന്നു മനസിലായതു കൊണ്ടാണ് പാർട്ടി സഹായിക്കാൻ മുന്നോട്ടു വന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.എസ്. രാജൻ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റം കെ.കെ. ജയചന്ദ്രൻ, ജില്ലാ സെക്രട്ടറി സി.വി. വർഗീസ്, സംസ്ഥാന കമ്മിറ്റി അംഗം കെ.പി. മേരി, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. സെക്രട്ടറിയേറ്റംഗം ആർ. തിലകൻ സ്വാഗതവും പീരുമേട് ഏരിയാ സെക്രട്ടറി എസ്. സാബു നന്ദിയും പറഞ്ഞു.