
അടിമാലി: മാങ്കുളം ആനക്കുളം പള്ളി പെരുന്നാളിനോടനുബന്ധിച്ച് പ്രദിക്ഷണം ടൗൺ കുരിശടിയിൽ പ്രവേശിച്ചപ്പോൾ പടക്കം പൊട്ടിച്ചതിന് ആനക്കുളം പള്ളി വികാരി ഫാ. ജോർജ് പള്ളി വാതുക്കലിനെ അസഭ്യം പറഞ്ഞ മാങ്കുളം ഡി.എഫ്.ഒ സുഭാഷിനെതിരെ വ്യാപക പ്രതിഷേധം. വിരിപാറയിൽ പ്രവർത്തിക്കുന്ന മാങ്കുളം ഡി.എഫ്.ഒ ഓഫിസിലേക്ക് ആനക്കുളം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വിശ്വാസികൾ മാർച്ച് നടത്തി. പെരുന്നാൾ പ്രദക്ഷിണത്തിനിടെ പടക്കം പൊട്ടിച്ചതിന്റെ ശബ്ദം കേട്ടു കാട്ടാനകൾ പേടിച്ചെന്ന പരാതിയിലാണ് പള്ളി വികാരി ഫാ. ജോർജ് പള്ളിവാതുക്കലിനോട് മാങ്കുളം ഡി.എഫ്.ഒ മോശമായി സംസാരിച്ചതായി ആരോപണം ഉയർന്നത്. ഡി.എഫ്.ഒ മാപ്പുപറയണമെന്ന ആവശ്യമാണ് പ്രതിഷേധക്കാർ ഉന്നയിച്ച പ്രാധാന ആവശ്യം. ഡി.എഫ്.ഒ ഓഫീസ് പരിസരത്തു വച്ച് മൂന്നാറിൽ നിന്നെത്തിയ പൊലീസ് ഉദ്യേഗസ്ഥർ മാർച്ച് തടഞ്ഞു. തുടർന്ന് നടന്ന യോഗം ഇടുക്കി രൂപതാ മാതൃവേദി നിർവാഹക സമിതി അംഗം മേഴ്‌സി ചെറിയാൻ പാറങ്കമാലിൽ ഉദ്ഘാടനം ചെയ്തു.