
കണ്ണൂർ: സ്ഥാനം രണ്ടര വർഷം വീതം പങ്കിടാൻ മുസ്ലിംലീഗുമായുള്ള മുൻധാരണ പ്രകാരം കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ.ടി.ഒ.മോഹനൻ സ്ഥാനം രാജിവച്ചു. കോർപ്പറേഷൻ സെക്രട്ടറി ഇൻചാർജ് മണികണ്ഠ കുമാറിനാണ് രാജി സമർപ്പിച്ചത്.
ഒരുഘട്ടത്തിൽ കോൺഗ്രസ് രാജി തീരുമാനത്തിൽ നിന്ന് പിന്നോട്ടു പോയിരുന്നു. തുടർന്ന് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം കെ.പി.സി.സി നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തിയതോടെയാണ് മേയർ രാജിവയ്ക്കാൻ തീരുമാനിച്ചത്. പുതിയ മേയർ ആരാണെന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ലീഗ് ജില്ലാ നേതൃത്വം പറഞ്ഞു.
പാർലമെന്ററി പാർട്ടി നേതാവ് മുസ്ലിഹ് മടത്തിലും ഡെപ്യൂട്ടി മേയർ ഷബീനയുമാണ് ലീഗിന്റെ പരിഗണനയിലുള്ളത്. കോർപ്പറേഷൻ പരിധിയിൽ നിർണായക സ്വാധീനശക്തി അല്ലാതിരുന്നിട്ടും ലീഗിന് മേയർ സ്ഥാനം വിട്ടുനൽകുന്നതിൽ ജില്ലയിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി പുകയുന്നുണ്ട് .
ലോകസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മുന്നണിക്കകത്ത് തർക്കം ഉടലെടുക്കാതിരിക്കാനാണ് കോൺഗ്രസ് വഴങ്ങിയത്. മുസ്ലിംലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങി സംസ്ഥാനത്തെ ഏക കോർപ്പറേഷൻ ഭരണം കോൺഗ്രസ് കൈവിടുന്നത് ഒരു രാഷ്ട്രീയ സൂചന കൂടിയാണ്.