ananda-theerthan

പയ്യന്നൂർ:അധ:സ്ഥിത ജനവിഭാഗങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവും സാംസ്കാരിക ഉന്നതിക്കുമായി തന്റെ ജീവിതാവസാനം വരെ പട പൊരുതി ഒരു സമൂഹത്തെ മുഴുവൻ ആത്മാഭിമാനമുള്ളവരാക്കി മാറ്റിയ സാമൂഹ്യപരിഷ്കർത്താവും ശ്രീ നാരായണഗുരുദേവ ശിഷ്യനും സ്വാതന്ത്ര്യ സമര സേനാനിയുമായ സ്വാമി ആനന്ദതീർത്ഥന്റെ ജീവിതവും പ്രവൃത്തനങ്ങളും സംബന്ധിച്ച് തയ്യാറാക്കിയ ഡോക്യുഫിക്ഷൻ പ്രദർശന സജ്ജമായി. "സ്വാമി ആനന്ദതീർത്ഥൻ : നിഷേധിയുടെ ആത്മശക്തി " എന്ന പേരിലുള്ള ഡോക്യുഫിക്ഷന്റെ ആദ്യ പ്രദർശനം ഇന്ന് പയ്യന്നൂർ ശ്രീ നാരായണ വിദ്യാലയത്തിൽ നടക്കും.

സ്വാമിയുടെ 119-ാം ജന്മവാർഷികാഘോഷത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ രാവിലെ 10.30ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ഉച്ചക്ക് 12 മണിക്കാണ് ഡോക്യുഫിക്ഷൻ പ്രദർശിപ്പിക്കുന്നത്.1.10 മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുഫിക്ഷൻ നിർമ്മിച്ചത് സ്വാമി ആനന്ദതീർത്ഥ ട്രസ്റ്റ് വൈസ് പ്രസിഡന്റ് കൂടിയായ കുഞ്ഞികൃഷ്ണൻ മാങ്ങാടനാണ്. ബിന്ദു സാജനും അഭിജിത്ത് നാരായണനുമാണ് സംവിധാനം നിർവ്വഹിച്ചത്. സ്വാമി ആനന്ദതീർത്ഥന്റെ ജീവിതവും പ്രവൃത്തനങ്ങളും യഥാർത്ഥത്തിൽ കേരളം അയിത്തത്തിനും തൊട്ടുകൂടായ്മക്കുമെതിരെ നടത്തിയ പോരാട്ടത്തിന്റെ പാതകൾ കൂടിയാണെങ്കിലും നിർഭാഗ്യവശാൻ അദ്ദേഹം ഏകനായി നടത്തിയ ഇത്തരം പോരാട്ടങ്ങൾ ചരിത്രത്തിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും ,

ആ പോരായ്മ തീർക്കുക എന്ന ലക്ഷ്യത്തോടെ സ്വാമിയുടെ ജീവിതവും പ്രവൃത്തനങ്ങളും അന്വേഷിച്ച നടത്തിയ സുദീർഘമായ യാത്രയുടെ സാഫല്യമാണ് ഈ ഡോക്യുഫിക്ഷനെന്നുo നിർമ്മാതാവ് പറഞ്ഞു. പതിറ്റാണ്ടുകൾക്ക് മുൻപ് നടന്ന സ്വാമിയുടെ പ്രവൃത്തനങ്ങളുടെ ചിത്രങ്ങൾ പോലും വളരെക്കുറവ് മാത്രമാണ് ലഭ്യമായിട്ടുള്ളത്. അത് കൊണ്ട് തന്നെ സ്വാമി വളർത്തിയ കുട്ടികളുടെ ഓർമ്മകളിലൂടെയും ചരിത്ര സംഭവങ്ങളുടെ നാടകീയാവിഷ്ക്കാരത്തിലൂടെയും ആ കാലഘട്ടത്തിന്റെ മുഖം അനാവരണം ചെയ്യുന്ന കവിതകളിലൂടെയും മറ്റുമാണ് ഡോക്യുഫിക്ഷൻ വികസിക്കുന്നത്.