കണ്ണൂർ: മേയർ സ്ഥാനത്ത് നിന്ന് രാജിവയ്ക്കും മുമ്പ് അഡ്വ. ടി.ഒ മോഹനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവസാന കൗൺസിൽ യോഗത്തിലും വികസനകാര്യ സ്റ്രാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ പി.കെ രാഗേഷ് കടുത്ത വിമർശനവുമായി രംഗത്തെത്തി. കൗൺസിൽ യോഗത്തിൽ ആദ്യം മുതലേ മേയറുമായി വാക്കേറ്റമുണ്ടായിരുന്നു. കൗൺസിൽ യോഗ നടപടിക്കിടയിൽ രാഗേഷ് യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. പ്രധാന അജണ്ടകൾ ചർച്ച ചെയ്ത ശേഷം സപ്ലിമെന്ററി അജണ്ട ചർച്ചക്ക് എടുത്തപ്പോൾ മേയർ ഏകാധിപതിയെ പോലെ പെരുമാറുകയാണെന്ന് പറഞ്ഞാണ് രാഗേഷ് ഇറങ്ങിപോയത്.

അമൃത് മാസ്റ്റർ പ്ലാനിന്റെ കരട് യോഗം അംഗീകരിച്ചു. മാസ്റ്റർ പ്ലാൻ തയാറാക്കിയതുമായി ബന്ധപ്പെട്ട് 1820 പരാതികളാണ് ലഭിച്ചത്. 160 വിഷയങ്ങളുമായി ബന്ധപ്പെട്ടാണിത്. റിംഗ് റോഡുകളുടെ വീതി കുറവും മറ്റും ബന്ധപ്പെട്ടാണ് കൂടുതൽ പരാതികളുണ്ടായത്. ഇതിൽ രണ്ടു റിംഗ് റോഡുകളുടെ വീതി 90 മീറ്റർ കുറക്കുകയും രണ്ടു റോഡുകൾ ഒഴിവാക്കുകയും ചെയ്തിട്ടുണ്ടെന്ന് ടൗൺ പ്ലാനിംഗ് ഓഫീസർ പറഞ്ഞു.

മാസ്റ്റർ പ്ലാനിന്റെ കരട് റിപ്പോർട്ട് വീണ്ടും പരിശോധിക്കാതെ അംഗീകരിക്കാനാകില്ലെന്ന് എൻ. സുകന്യ ഉൾപ്പെടെയുള്ള പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു. മാസ്റ്റർ പ്ലാനുമായി ഉയർന്നുവന്ന ആക്ഷേപ അഭിപ്രായങ്ങളെല്ലാം പരിഹരിച്ചാണ് കരട് തയ്യാറാക്കിയിരിക്കുന്നത്. എല്ലാ സോണൽ ഓഫീസുകളിലും കൗൺസിലർമാരുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ യോഗം വിളിച്ച് ചേർത്ത് പരാതിക്കാരുടെ വാദങ്ങളും കേട്ടശേഷം മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് ടി.ഒ മോഹനൻ പറഞ്ഞു.

ഡെപ്യൂട്ടി മേയർ കെ. ഷബീന, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ സുരേഷ് ബാബു എളയാവൂർ, ഷാഹിനാ മൊയ്തീൻ, പി. ഇന്ദിര തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

വികാര നിർഭരനായി പടിയിറക്കം

എല്ലാവരുമായും നല്ല വ്യക്തി ബന്ധവും നല്ല സൗഹൃദവും കാത്തു സൂക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് മേയർ സ്ഥാനത്ത് നിന്ന് രാജിവച്ച അഡ്വ. ടി.ഒ മോഹനൻ പറഞ്ഞു. ഐക്യം എല്ലാ കാലവും നിലനിൽക്കണമെന്നാണ് ആഗ്രഹം. കഴിഞ്ഞ കാലങ്ങളിലൊക്കെയായി ഒരു പാട് കാര്യങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. എല്ലാവരും ഒത്തു ചേർന്നാണ് നടത്തിയത്. കക്ഷി രാഷ്ട്രീയമോ മതമോ ജാതിയോ ഒന്നും തന്നെ അതിൽ ഉണ്ടായിരുന്നില്ല. വിമർശനത്തിനകത്ത് എന്താണ് അടങ്ങിയിരിക്കുന്നതെന്ന് കൃത്യമായി പരിശോധിച്ച് പരിഗണിക്കേണ്ടവ പരിഗണിച്ചിട്ടുണ്ട് .എതിർക്കേണ്ടി വന്നിട്ടുണ്ട്, കർക്കശമായി പറയേണ്ടിയും വന്നിട്ടുണ്ട്. അതിനെല്ലാം ക്ഷമ ചോദിക്കുന്നുവെന്നും മേയർ പറഞ്ഞു. ഒരു പ്രത്യേക കോണിൽ നിന്നും വരുന്ന വിമർശനങ്ങൾ നിങ്ങളും കേട്ടതാണ്. അത് മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പരാതിക്കാർ പറയുന്നത് മാത്രം കേട്ട് മാസ്റ്റർ പ്ലാനിന്റെ കരടിൽ ഭേദഗതി വരുത്തരുത്. പരിശോധിച്ച് വേണമെങ്കിൽ മാറ്റം വരുത്തി അംഗീകരിക്കുന്നതാണ് നല്ലത്.

പ്രതിപക്ഷം

കൗൺസിലർമാരുടെ നേതൃത്വത്തിൽ വ്യക്തമായ പരിശോധന നടത്തിയതിന് ശേഷമാണ് കരട് കൗൺസിലിൽ എത്തിച്ചത്. ഇപ്പോൾ പരാതി ഉന്നയിക്കുന്നതിൽ കാര്യമില്ല

സിയാദ് തങ്ങൾ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ