
പാണത്തൂർ: പാണത്തൂർ പരിയാരത്ത് വീണ്ടും വാഹന അപകടം . ഇന്നലെ പുലർച്ചെ രണ്ടുമണിയോടെ പി.വി. നാരായണന്റെ വീട്ടിലേക്ക് കർണാടകയിൽ നിന്നും വാഴക്കുലയുമായി വന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഇടിച്ചു കയറി. വീടിന്റെ ഒരു ഭാഗവും പോർച്ചിലിരുന്ന ബൈക്കും തകർത്തു കൊണ്ടാണ് വണ്ടി നിന്നത്. അല്പം കൂടി മുന്നോട്ട് പോയിരുന്നുവെങ്കിൽ കുഴിയിലേക്ക് മറിഞ്ഞ് വൻ ദുരന്തം സംഭവിച്ചേനേയെന്ന് വീട്ടുകാർ പറഞ്ഞു.രണ്ടുവർഷം മുമ്പ് ഇതേ വീടിന് വാഹനം ഇടിച്ചാണ് നാലുപേർ മരിച്ചത്. പകലായിരുന്നുവെങ്കിൽ വൻദുരന്തം സംഭവിക്കുമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. പരിയാരം റോഡ് എത്രയും പെട്ടെന്ന് പി.ഡബ്ല്യു.ഡി ഏറ്റെടുത്ത് സ്ഥലം വിലയ്ക്ക് വാങ്ങി കയറ്റം കുറച്ച് കൊടുംവളവ് നിവർത്തിയില്ലെങ്കിൽ വലിയ ദുരന്തങ്ങൾക്കിടയാകുമെന്ന് നാട്ടുകാർ പറഞ്ഞു.