തലശ്ശേരി: തെന്നി മറിഞ്ഞ ലോറിയിൽ നിന്നും .രക്ഷപ്പെട്ട ഡ്രൈവർക്ക് ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാത്രി പത്തരയോടെ ന്യൂ മാഹി പുന്നോൽ കുറിച്ചി മാതൃകാ ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം. ഡ്രൈവർ കോട്ടയം മറിയപ്പള്ളി സ്വദേശി നെടുവിലെ പറമ്പിൽ ജോജു മോൻ ജേക്കബിനാ ( 46 ) ണ് പരിക്കേറ്റത്. വലത് കാലിലെ എല്ല് പൊട്ടിയ നിലയിൽ ഇദ്ദേഹത്തെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പിന്നിട് കോട്ടയത്തേക്ക് കൊണ്ടുപോയി.
കോട്ടയത്തുനിന്നും പൂനെയിലേക്ക് ചരക്കുമായി പോവുകയായിരുന്ന ലോറി റോഡരികിൽ ചേർത്ത് നിർത്തുന്നതിനിടയിൽ അരികിലെ മണ്ണിടിഞ്ഞ് ചെരിഞ്ഞു മറിയുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന രണ്ട് ഡ്രൈവർമാരും ക്ലീനറും പുറത്തിറങ്ങി രക്ഷപ്പെട്ട് റോഡിന്റെ മറുപുറത്തുള്ള തട്ടുകടയിലേക്ക് പോവുന്നതിനിടയിലാണ് അപകടം. പൊടുന്നനെ എത്തിയ ബൈക്ക് ജോജുമോനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ന്യൂ മാഹി പൊലീസ് കേസെടുത്തു.